Kerala
Obtaining loans illegally; Complaint against two Kudumbashree groups in Kozhikode, Kozhikode Kudumbashree,latest malayalam news,അനധികൃതമായി വായ്പ കൈപറ്റി; കോഴിക്കോട്ടെ രണ്ട് അയൽകൂട്ടങ്ങൾക്കെതിരെ പരാതി
Kerala

അനധികൃതമായി വായ്പ കൈപറ്റി; കോഴിക്കോട്ടെ രണ്ട് അയൽകൂട്ടങ്ങൾക്കെതിരെ പരാതി

Web Desk
|
27 Jun 2023 3:00 AM GMT

പാർശ്വവത്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന പിന്നാക്ക വികസന കോർപറേഷൻ അനുവദിക്കുന്ന വായ്പ കോർപറേഷൻ പരിധിയിലെ രണ്ട് അയൽകൂട്ടങ്ങൾ അനധികൃതമായി കൈപറ്റിയെന്നാണ് പരാതി

കോഴിക്കോട്: പിന്നാക്ക വികസന കോർപറേഷനിൽ നിന്ന് ക്രമക്കേടിലൂടെ കുടുംബശ്രീ അയൽകൂട്ടം അനധികൃതമായി വായ്പ കൈപറ്റിയെന്ന് പരാതി. കോഴിക്കോട് കോർപറേഷൻ പരിധിയിലെ രണ്ട് അയൽകൂട്ടമാണ് തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. സംഭവത്തിൽ കോർപറേഷൻ കുടുംബശ്രീ പ്രൊജക്ട് ഓഫീസർ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.

പാർശ്വവത്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന പിന്നാക്ക വികസന കോർപറേഷൻ അനുവദിക്കുന്ന വായ്പ കോഴിക്കോട് കോർപറേഷൻ പരിധിയിലെ രണ്ട് അയൽകൂട്ടങ്ങൾ അനധികൃതമായി കൈപറ്റിയെന്നാണ് പരാതി. കുടുംബശ്രീ അംഗങ്ങളിൽ എഴുപത്തിയഞ്ച് ശതമാനം അംഗങ്ങൾ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളവരാകണം എന്നാണ് വായ്പക്കുള്ള മാനദണ്ഡം. എലത്തൂർ വാർഡിൽ ഉൾപ്പെടുന്ന കുടുംബശ്രീ അയൽകൂട്ടങ്ങളിലൊന്ന് 14.6 ലക്ഷവും, മറ്റൊരു അയൽകൂട്ടം 11 ലക്ഷവും അനധികൃതമായി കൈപറ്റി. രണ്ട് അയൽകൂട്ടങ്ങൾക്കും മാനദണ്ഡമനുസരിച്ച് വായ്പക്കുള്ള യോഗ്യതയില്ലെന്നാണ് ആരോപണം.

ഭരണസമിതി നിർദേശപ്രകാരം ആരോപണം അന്വേഷിക്കുന്ന കോർപറേഷൻ കുടുംബശ്രീ പ്രൊജക്ട് ഓഫീസർ സിറ്റി പൊലീസ് കമ്മീഷണർക്ക് പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി. പ്രൊജക്ട് ഓഫീസറുടെ അന്വേഷണ റിപോർട് ഇന്ന് കോർപറേഷന് സമർപ്പിക്കും, റിപോർട് പരിശോധിച്ച ശേഷം തുടർനടപടി സ്വകരിക്കുമെന്ന് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പറഞ്ഞു.

ഇന്ന് ചേരുന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിൻറെ തീരുമാനം. സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് യുഡിഎഫ് കോഴിക്കോട് സിറ്റി സൗത് കമ്മറ്റി ആവശ്യപ്പെട്ടു.


Similar Posts