Kerala
ഒക്ടോബർ 2 പ്രവൃത്തി ദിനമാക്കില്ല: സർക്കാർ നിർദേശം തള്ളി കെസിബിസി
Kerala

ഒക്ടോബർ 2 പ്രവൃത്തി ദിനമാക്കില്ല: സർക്കാർ നിർദേശം തള്ളി കെസിബിസി

Web Desk
|
30 Sep 2022 4:43 AM GMT

ഗാന്ധിജയന്തി ദിന പരിപാടികൾ മറ്റൊരു ദിവസം നടത്തും

തിരുവനന്തപുരം: ഒക്ടോബർ 2 ഗാന്ധിജയന്തിക്ക് സ്കൂളുകൾ പ്രവൃത്തിദിനമാക്കാനുള്ള സർക്കാർ നിർദ്ദേശം തള്ളി കെസിബിസി. ഞായറാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കത്തോലിക്കാ സഭ അവധി പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഞായറാഴ്ച പ്രവൃത്തി ദിവസമാക്കുന്നതിനെതിരെ കെസിബിസി നേരത്തേ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രധാനമായും സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. ഇതിനൊപ്പം സ്‌കൂളുകൾ കൂടി പ്രവർത്തിക്കണമെന്ന് സർക്കാർ നിർദേശം വച്ചതാണ് കെസിബിസിയെ ചൊടിപ്പിച്ചത്. ഈ നിർദേശം തൽക്കാലം പാലിക്കേണ്ടതില്ല എന്നാണ് കത്തോലിക്കാ സഭയുടെ തീരുമാനം.

ഒക്ടോബർ 2ന് കത്തോലിക്കാ രൂപതകളിൽ വിശ്വാസപരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകളുണ്ടെന്നും ഞായറാഴ്ച വിശ്വാസപരമായ അനുഷ്ഠാനങ്ങളിൽ കത്തോലിക്കാസഭാ വിശ്വാസികളായ അധ്യാപകർക്കും കുട്ടികൾക്കും പങ്കെടുക്കണമെന്നും കാട്ടിയാണ് കെസിബിസിയുടെ നടപടി. ഗാന്ധിജന്തിയുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ലഹരിമരുന്ന് ബോധവത്കരണവുമായി ബന്ധപ്പെട്ട പരിപാടികൾ മറ്റൊരു ദിവസം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

തീരുമാനം സംബന്ധിച്ച് കെസിബിസി പുറത്തിറക്കിയ പ്രസ്താവനയുടെ പൂർണരൂപം:

ഒക്ടോബർ രണ്ടിന് കത്തോലിക്കാരൂപതകളിൽ വിശ്വാസപരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകൾ നടത്തപ്പെടുന്നതിനാലും ഞായറാഴ്ച വിശ്വാസപരമായ ആചാരാനുഷ്ഠാനങ്ങളിൽ കത്തോലിക്കരായ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പങ്കെടുക്കേണ്ടതിനാലും പ്രസ്തുതദിനം സാധാരണപോലെ തന്നെ ആചരിച്ച് വിശ്വാസപരമായ കാര്യങ്ങൾക്കു വേണ്ടിമാത്രം നീക്കി വയ്‌ക്കേണ്ടതാണ്. ഇനിമുതൽ ഞായറാഴ്ച പ്രവൃത്തിദിനമാക്കാനുള്ള സർക്കാർ നിർദേശങ്ങൾ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പാലിക്കേണ്ടതില്ല. ഒക്ടോബർ 2 ഞായറാഴ്ച ഗാന്ധിജയന്തി ദിനത്തിൽ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും വിദ്യാലയങ്ങളിൽ വന്ന് ലഹരിവിരുദ്ധ ബോധവത്കരണപരിപാടി സംഘടിപ്പിക്കണമെന്ന സർക്കാർ നിർദേശം മറ്റൊരു ദിവസം സമുചിതമായി ആചരിച്ച് സർക്കാരിന്റെ നിർദേശത്തോട് സഹകരിക്കേണ്ടതുമാണ്.

Similar Posts