റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു; എക്സൈസ് ഉദ്യോഗസ്ഥനെതിരെ കേസ്
|ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറും അന്വേഷണത്തിന് ഉത്തരവിട്ടു
കൊച്ചി: റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന പരാതിയിൽ എക്സൈസ് ഉദ്യോഗസ്ഥനെതിരെ കേസ്. എറണാകുളം എക്സൈസ് റേഞ്ചിലെ സിവിൽ ഓഫീസർ അനീഷിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഉദ്യോഗസ്ഥനെതിരായ പരാതിയിന്മേൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറും അന്വേഷണത്തിന് ഉത്തരവിട്ടു.
റഷ്യയിലെ കൃഷിത്തോട്ടത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്നാണ് അനീഷിനെതിരായ പരാതി. പറവൂർ കോട്ടുവളളി സ്വദേശി ദേവകൃഷ്ണൻ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാത്തിലാണ് കേസെടുത്തത്. അനീഷ് സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതായി വേറെയും പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. രണ്ട് ലക്ഷം രൂപയാണ് പലരിൽ നിന്നായി വാങ്ങിയത്. കരാർ എഴുതി നൽകാൻ ആവശ്യപ്പെട്ടപ്പോൾ സർക്കാർ ജോലി ഉളളതിനാൽ കാരറിലേർപ്പെടാനാകില്ലെന്ന് വിശ്വസിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. അനീഷിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
ദിവസങ്ങളായി അനീഷ് ഓഫീസിലുമെത്തിയിട്ടില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥരും പറഞ്ഞു. വിഷയത്തിൽ എക്സൈസ് ഡിസിപിയും അന്വേഷണത്തിന് ഉത്തരവിട്ടു.