Kerala
highcourt, valapattanam case,
Kerala

സ്ഥാനമൊഴിയണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാതെ ശിശുക്ഷേമ സമിതി ഭാരവാഹികൾ

Web Desk
|
16 Nov 2022 2:29 AM GMT

ഭാരവാഹികളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ശിശുക്ഷേമ സംരക്ഷണ സമിതി ഗവർണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകി

തിരുവനന്തപുരം: സ്ഥാനമൊഴിയണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാതെ ശിശുക്ഷേമ സമിതി ഭാരവാഹികൾ. കോടതി ഉത്തരവ് നിലനിൽക്കെ ഭാരവാഹികളുടെ നേതൃത്വത്തിൽ പൊതുപരിപാടിയും സംഘടിപ്പിച്ചു. ഭാരവാഹികളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ശിശുക്ഷേമ സംരക്ഷണ സമിതി ഗവർണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. എന്നാൽ കോടതി ഉത്തരവിന് ശേഷം ഔദ്യോഗിക പദവി ഉപയോഗിച്ചിട്ടില്ലെന്നാണ് ഭാരവാഹികളുടെ വിശദീകരണം.

നടപടിക്രമങ്ങൾ പാലിക്കാതെ ഭാരവാഹികളെ കണ്ടെത്തിയതിനാലാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. എന്നാൽ നവംബർ 10 ന് ഉത്തരവിറക്കിയിട്ടും സിപിഎം യുവനേതാവ് ജെ. എസ്.ഷിജുഖാന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങൾ സ്ഥാനം ഒഴിയാൻ തയ്യാറാകുന്നില്ല എന്നാണ് പരാതി. നവംബർ14 ന് സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ശിശുദിനഘോഷയാത്ര നയിച്ചതും ജനറൽ സെക്രട്ടറി ഷിജുഖാനും ഭരണസമിതി അംഗങ്ങളുമായിരുന്നു. അന്നേ ദിവസം ശിശുക്ഷേമ സമിതി സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയികളായവർക്കുള്ള സർട്ടിഫിക്കറ്റുകളിൽ ഒപ്പിട്ടതും ജനറൽ സെക്രട്ടറി തന്നെ. സാമൂഹ്യ ക്ഷേമ വകുപ്പ് സെക്രട്ടറി സമിതിയുടെ ഭരണം ഏറ്റെടുക്കണമെന്നായിരുന്നു കോടതി നിർദേശം. ഇതിനുളള നടപടികൾ സ്വീകരിക്കുന്നില്ല എന്നും ആക്ഷേപമുണ്ട്.

എന്നാൽ വിധിക്കുശേഷം ഔദ്യോഗിക പദവി ഉപയോഗിച്ച് തീരുമാനങ്ങൾ എടുത്തിട്ടില്ലെന്ന് ഭാരവാഹികൾ പറയുന്നു. ശിശുദിന പരിപാടിയുടെ വേദിയിൽ ഔദ്യോഗികമായി പങ്കെടുക്കുകയോ പ്രസംഗിക്കുകയോ ചെയ്തിട്ടില്ല. ഘോഷയാത്രയിൽ പങ്കെടുത്തത് സമിതിയുടെ ആജീവനാന്ത അംഗം എന്ന നിലയ്ക്കാണെന്നും ജനറൽ സെക്രട്ടറി ഷിജുഖാൻ വിശദീകരിച്ചു.

Similar Posts