'വിദ്യക്ക് വേണ്ടി വൈസ് ചാൻസലറുടെ ഓഫീസ് ഇടപെട്ടു'; ആരോപണവുമായി ദിനു വെയിൽ
|'സംവരണ തത്വം അട്ടിമറിച്ച് തന്നെയാണ് വിദ്യയ്ക്ക് ഗവേഷണത്തിന് പ്രവേശനം നൽകിയതെന്ന റിപ്പോർട്ട് വൈസ് ചാൻസലർ തള്ളി കളഞ്ഞു'
കോഴിക്കോട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽ പൊലീസ് അന്വേഷണം നേരിടുന്ന എസ്എഫ്‌ഐ മുൻ നേതാവ് കെ വിദ്യക്ക് ഗവേഷണത്തിന് സീറ്റ് ലഭിച്ചത് വൈസ് ചാൻസലർ സംവരണ തത്വം അട്ടിമറിച്ചു കൊണ്ടാണെന്ന് ആരോപണം. അംബേദ്കർ സ്റ്റഡി കോർഡിനേറ്ററും ദലിത് ആക്ടിവിസ്റ്റുമായ ദിനു വെയിലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
കോടതി നിർദേശ പ്രകാരം എന്ന നിലയിൽ വൈസ് ചാൻസലർ സംവരണ തത്വം അട്ടിമറിച്ചു കൊണ്ട് സീറ്റ് നൽകുകയായിരുന്നെന്ന് ദിനു ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. വിദ്യയ്ക്ക് എതിരെ കാലടി സർവകലാശാലയിലെ എസ്.സി/ എസ്.ടി സെല്ലിന് പരാതി നൽകിയത് ദിനുവും അനൂരാജിയും ആയിരുന്നു.
സംവരണ മാനദണ്ഡം അട്ടിമറിച്ച് എന്നും കൃത്യമായി റിപ്പോർട്ട് ഉണ്ടായിട്ടും അന്ന് സർവകലാശാല വൈസ് ചാൻസലർ ആയിരുന്നു ധർമരാജ് അടാട്ട് സെല്ലിന്റെ റിപ്പോർട്ട് തള്ളി കളഞ്ഞു. പരാതികാരായ ഞങ്ങളെ പൊതു വേദിയിൽ വെച്ച് അപമാനിക്കും വിധം സംസാരിക്കുകയാണ് ചെയ്തത്. ഞങ്ങൾ സർവകലാശാലയെ തകർക്കാൻ ശ്രമിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അന്ന് കാണിച്ച സ്വജന പക്ഷപാതിത്വത്തിന്റെ ഊർജത്തിൽ തന്നെയാണ് വിദ്യയ്ക്ക് വീണ്ടും തെറ്റ് ചെയ്യാൻ സാധിക്കുന്നതെന്നും ദിനു പറയുന്നു.
പി എച്ച് ഡി പ്രവേശനത്തിൽ 10 സീറ്റുകൾ ആയിരുന്നു നോട്ടിഫൈ ചെയ്തിരുന്നത്. എന്നാൽ നോട്ടിഫെ ചെയ്ത സീറ്റുകൾക്ക് പുറമെ വിദ്യ അടക്കം അഞ്ചുപേരെ കൂടി അധികമായി പരിഗണിക്കാൻ റിസർച്ച് കമ്മിറ്റി ശിപാർശ നൽകിയെന്നും ദിനു ഫേസ്ബുക്ക് കുറിപ്പിൽ ആരോപിക്കുന്നു.
ദിനു വെയിലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
വിദ്യയ്ക്ക് എതിരെ കാലടി സർവകലാശാലയിലെ എസ് സി / എസ് ടീ സെല്ലിന് പരാതി നൽകിയത് അംബേദ്കർ സ്റ്റഡി സർക്കിൾ കോ ഓർഡിനേറ്റർ എന്ന നിലയിൽ ഞാനും DSM കോ ഓർഡിനേറ്റർ അനൂരാജിയും ആയിരുന്നു. വിദ്യക്ക് വേണ്ടി വൈസ് ചാൻസലറുടെ ഓഫീസ് ഇടപെട്ടെന്നും സംവരണ മാനദണ്ഡം അട്ടിമറിച്ച് എന്നും കൃത്യമായി റിപ്പോർട്ട് ഉണ്ടായിട്ടും അന്ന് സർവകലാശാല വൈസ് ചാൻസലർ ആയിരുന്നു ധർമരാജ് അടാട്ട് മാഷ് സെല്ലിന്റെ റിപ്പോർട്ട് തള്ളി കളഞ്ഞതും ഞങ്ങൾ പരാതികാരെ പൊതു വേദിയിൽ വെച്ച് അപമാനിക്കും വിധം സംസാരിക്കുകയാണ് ചെയ്തത്. ഞങ്ങൾ സർവകലാശാലയെ തകർക്കാൻ ശ്രമിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അന്ന് കാണിച്ച സ്വജന പക്ഷപാതിത്വത്തിന്റെ ഊർജത്തിൽ തന്നെയാണ് വിദ്യയ്ക്ക് വീണ്ടും തെറ്റ് ചെയ്യാൻ സാധിക്കുന്നത്.
2019-20 കാലഘട്ടത്തിൽ കാലടി സർവകലാശാലയിലെ മലയാള വിഭാഗം പി എച്ച് ഡി പ്രവേശനത്തിൽ 10 സീറ്റുകൾ ആയിരുന്നു നോട്ടിഫൈ ചെയ്തിരുന്നത്. റിസർച്ച് കമ്മിറ്റി 10 സീറ്റുകളിലേക്ക് ഗവേഷകരെ തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ നോട്ടിഫെ ചെയ്ത സീറ്റുകൾക്ക് പുറമെ വിദ്യ അടക്കം അഞ്ചുപേരെ കൂടി അധികമായി പരിഗണിക്കാൻ റിസർച്ച് കമ്മിറ്റി ശുപാർശ നൽകി. ഇത്തരത്തിൽ അഞ്ച് പേരെ പരിഗണിക്കുമ്പോൾ അവസാനത്തെ സീറ്റുകൾ SC/ST സംവരണ സീറ്റ് ആവേണ്ടതാണ്. എന്നാൽ സംവരണ മാനദണ്ഡം പാലിക്കാതെ വിദ്യയെ 15-മതായി കമ്മറ്റി ഉൾപ്പെടുത്തി. ഒരു വിദ്യാർഥിക്കും മാർക്ക് നൽകാതെയാണ് ഈ നടപടികൾ പൂർത്തിയായത് എന്നതിനാൽ സ്ഥാന പ്രകരമല്ല അവസാനത്തെ അഞ്ച് പേരെ ശുപാർശ ചെയ്തത് എന്ന യമണ്ടൻ വാദമാണ് കമ്മിറ്റി പറഞ്ഞത്.
10 പേരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം മൂന്ന് പേർക്ക് ജെ ആറ് എഫ് ഉള്ളതിനാൽ അവരെ സൂപ്പർ ന്യൂമററി ആയി കണക്കാക്കി കൊണ്ട് ഗവേഷണത്തിനു വിജ്ഞാപനം ഇറക്കി. ജെ.ആർ.എഫ് ഇല്ലാതിരുന്ന വിദ്യ മേൽപറഞ്ഞ റിസർച്ച് കമ്മറ്റിയുടെ രേഖ ആർടിഐ ആക്ട് പ്രകാരം 27.12.2019നു ആവശ്യപ്പെടുന്നു. ഞാനും ഇതേ രേഖ 20.12.2019 ന് വിദ്യയ്ക്ക് മുൻപായി ആവശ്യപെടുന്നു. എന്നാൽ വൈസ് ചാൻസലറുടെ ഓഫീസിൽ നിന്നും പ്രത്യേകം സമ്മർദം ചെലുത്തി തൊട്ടു പിറ്റേന്ന് തന്നെ വിദ്യയ്ക്ക് രേഖ ലഭ്യമാകുന്നു. എനിക്ക് 20 ദിവസം കഴിഞ്ഞാണ് ഇതേ രേഖ ലഭിക്കുന്നത്.
വൈസ് ചാൻസലറുടെ ഓഫീസ് ഉപയോഗിച്ച് അടിയന്തരമായി ലഭിച്ച രേഖ ഉപയോഗിച്ച് തന്നെ ഗവേഷണത്തിനു പരിഗണിക്കണം എന്ന് വിദ്യ സർവകലാശാലക്ക് നിവേദനം സമർപ്പിച്ചു. തുടർന്ന് ഈ നിവേദനം പരിഗണിക്കാൻ ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹരജി സമർപ്പിക്കുന്നൂ. സ്വാഭാവിക നടപടി ക്രമം എന്ന രീതിയിൽ കോടതി വിദ്യ സമർപ്പിച്ച നിവേദനം നിയമാനുസൃതമായി പരിഗണിച്ച് തീർപ്പ് കൽപ്പിക്കാൻ സർവകലാശാലക്ക് നിർദേശം നൽകുന്നു. ഈ അവസരം കൃത്യമായി ഉപയോഗിച്ച് വിദ്യയ്ക്ക് വൈസ് ചാൻസലർ കോടതി നിർദേശ പ്രകാരം എന്ന നിലയിൽ സംവരണ തത്വം അട്ടിമറിച്ചു കൊണ്ട് സീറ്റ് നൽകുന്നു .
തുടർന്ന് സർവകലാശാലയുടെ എസ് സി /എസ് ടി സെൽ മുൻപാകെ ഞാനും പരാതി സമർപ്പിക്കുകയും സെൽ തെളിവെടുപ്പ് നടത്തി സംവരണ തത്വം അട്ടിമറിച്ച് തന്നെയാണ് വിദ്യയ്ക്ക് പ്രവേശനം നൽകിയതെന്നും വൈസ് ചാൻസലറുടെ ഓഫീസ് ഇടപെട്ടിട്ടുണ്ട് എന്നും റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. പ്രസ്തുത റിപ്പോർട്ട് വൈസ് ചാൻസലർ തള്ളി കളഞ്ഞു. വർഷ എന്ന ദലിത് വിദ്യാർഥിനിക്ക് നിയമ സഹായം നൽകി ഹൈ ക്കോടതിയെ സമീപിച്ചെങ്കിലും സർവകലാശാല അനുകൂല നിലപാട് സ്വീകരിച്ചില്ല. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഞങ്ങൾ സമരം ചെയ്‌തെങ്കിലും നടപടി ഉണ്ടായില്ല
വിദ്യാർഥി രാഷ്ട്രീയം എന്നത് വിദ്യാർഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആണ് ഉപയോഗിക്കേണ്ടത് എന്ന് വിദ്യ ഓർക്കേണ്ടതുണ്ട്. തങ്ങൾക്ക് ലഭിക്കുന്ന അധികാര സ്ഥാനങ്ങൾ സ്വന്തം താൽപര്യങ്ങൾക്ക് ഉപയോഗിക്കുന്നത് വഴി നമ്മുടെ അക്കാദമിക് സമൂഹത്തിന്റെ നേരും നെറിയും ആണ് ഇല്ലാതെ ആവുന്നത്. സ്വജനപക്ഷപാതം കാണിക്കാൻ ഉള്ള ഇടമല്ല സർവകലാശാലകൾ. എല്ലാ വിദ്യാർഥികൾക്കും തുല്യ അവകാശം ഉള്ള ഇടങ്ങളായി തന്നെ സർവകലാശാലകൾ നിലനിൽക്കണം.