പരിശോധനക്കെത്തിയ ഉന്നത ഉദ്യോഗസ്ഥരെ സ്കൂളിന്റെ പുറത്ത് നിർത്തി ഗേറ്റ് പൂട്ടിയിട്ടു; അധ്യാപികക്ക് സസ്പെൻഷൻ
|പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടും ഉച്ചഭക്ഷണ വിതരണത്തിലെ പ്രശ്നങ്ങളും പരിശോധിക്കാനാണ് മലപ്പുറം ഡി.ഡി.ഇ അടക്കമുള്ളവർ സ്കൂളിലെത്തിയത്
മലപ്പുറം: സ്കൂളിലേക്ക് എ.ഇ.ഒ, ഡി.ഇ.ഒ എന്നിവർ പരിശോധനക്ക് എത്തുന്നതറിഞ്ഞാൽ വലിയ ഒരുക്കങ്ങളാണ് സ്കൂൾ അധികൃതർ നടത്താറുള്ളത്. എന്നാൽ മലപ്പുറം ഡി.ഡി.ഇ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് വ്യത്യസ്ഥമായ അനുഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. മഞ്ചേരി പഴേടം സ്കൂളിൽ പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥരെ സ്കൂളിൽ പ്രവേശിപ്പിക്കാതെ പുറത്ത് നിർത്തി. ഗേറ്റ് പൂട്ടിയിട്ട സിതറത്തുൽ മുൻതഹ എന്ന അധ്യാപികയെ ഡി.ഡി.ഇ സസ്പെന്റ് ചെയ്തു.
പഴേടം എ.എൽ.പി സ്കൂളിലെ പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടും ഉച്ചഭക്ഷണ വിതരണത്തിലെ പ്രശ്നങ്ങളും പരിശോധിക്കനാണ് മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടർ, മഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, മഞ്ചേരി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ, നൂൺഫീഡ് സൂപ്പർവൈസർ എന്നിവർ സ്കൂളിലെത്തിയത്. ഉദ്യോഗസ്ഥർ വരുന്നതറിഞ്ഞ് അധ്യാപിക ഗേറ്റ് പൂട്ടിയിട്ടു. ഇതോടെ ഡി.ഡി.ഇ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്കൂളിന് പുറത്തായി.
ഗേറ്റ് പൂട്ടിയിട്ടതിനാൽ വിദ്യാർഥികളുടെ പരീക്ഷയും നടന്നില്ല. ഏറെ സമയം കഴിഞ്ഞ് ദിവസവേദന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അധ്യാപകനാണ് ഗേറ്റ് തുറന്നത്. വിദ്യാഭ്യാസ വകുപ്പ് നൽകുന്ന ചോദ്യപേപ്പറിന് പകരം മറ്റ് ചോദ്യപേപ്പറുകൾ നൽകി പരീക്ഷ നടത്തുക, ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമായി നടത്താതിരിക്കുക എന്നിവയാണ് പരിശോധനയിൽ കണ്ടെത്തിയത്.