Kerala
വിഴിഞ്ഞം സമരക്കാരെ പൊലീസ് മർദിച്ചെന്ന പരാതി; ഉദ്യോ​ഗസ്ഥരെ ഡ്യൂട്ടിയിൽ നിന്ന് മാറ്റും
Kerala

വിഴിഞ്ഞം സമരക്കാരെ പൊലീസ് മർദിച്ചെന്ന പരാതി; ഉദ്യോ​ഗസ്ഥരെ ഡ്യൂട്ടിയിൽ നിന്ന് മാറ്റും

Web Desk
|
29 Aug 2022 3:58 PM GMT

വൈദികരുടെ പരാതി പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണറും വ്യക്തമാക്കി.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ സമരം ചെയ്യുന്നവരെ പൊലീസ് മർദിച്ചെന്ന പരാതിയിൽ നടപടി. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സമരസ്ഥലത്തെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റും.

അസിസ്റ്റന്റ് കമ്മീഷണര്‍ പ്രതാപന്‍ നായര്‍. ഡി.സി.പി അജിത്കുമാര്‍ എന്നിവരെയാണ് മാറ്റുക. നാളെ മുതല്‍ ഇവരെ മാറ്റിനിര്‍ത്തുമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പുനല്‍കി.

വൈദികരുടെ പരാതി പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണറും വ്യക്തമാക്കി. വൈദികർ അടക്കമുള്ള പ്രതിഷേധക്കാരെ പൊലീസ് മർദിച്ചെന്ന് ആരോപിച്ച് സമരക്കാർ നിരാഹാരമാരംഭിച്ചിരുന്നു.

ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കും വരെ നിരാഹാര സമരം തുടരുമെന്ന് സമരക്കാർ പറഞ്ഞിരുന്നു. ഇതോടെ ജില്ലാ കളക്ടർ ചർച്ചയ്ക്ക് എത്തുകയായിരുന്നു. വിവാദ ഉദ്യോ​ഗസ്ഥരെ മാറ്റിനിർത്തുമെന്ന് ഉറപ്പു നൽകിയതോടെ സമരക്കാർ നിരാഹാരം അവസാനിപ്പിച്ചു.

എന്നാൽ രാപ്പകൽ സമരം തുടരുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു. കോടതി തങ്ങളെ കൂടി കേൾക്കണമെന്നും കോടതി വിധിയിൽ പ്രതീക്ഷയുണ്ടെന്നും ഫാദർ മൈക്കിൾ തോമസ് പറഞ്ഞു.

തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും ശക്തമായ പ്രതിഷേധമാണ് വിഴിഞ്ഞത്തുണ്ടായത്. മുതലപ്പൊഴിയിൽ നിന്ന് വലിയ വള്ളങ്ങളിലായെത്തി തുറമുഖം വളഞ്ഞും സമരക്കാർ പ്രതിഷേധിച്ചു. കരയിൽ വാഹന റാലിയും കടലിൽ വള്ളങ്ങളുമായെത്തി തുറമുഖം വളഞ്ഞായിരുന്നു സമരം.

മുതലപ്പൊഴി ഹാർബറിൽ നിന്ന് ആരംഭിച്ച കടൽ സമരത്തിൽ 30 വലിയ വള്ളങ്ങളാണ് പങ്കെടുത്തത്. കനത്ത മഴയെയും ഉയർന്ന തിരമാലകളെയും അതിജീവിച്ചായിരുന്നു മുതലപ്പൊഴിയിൽ നിന്ന് വിഴിഞ്ഞത്തേക്കുള്ള പ്രതിഷേധം.

താഴമ്പള്ളി, പൂത്തുറ, ശാന്തിപുരം ഇടവകകളിലെ സമരക്കാരാണ് വലിയ വള്ളങ്ങളിൽ പ്രതിഷേധവുമായി എത്തിയത്. അതിനിടെ തുറമുഖ നിർമാണ കേന്ദ്രത്തിന് മുന്നിലെ ബാരിക്കേഡുകൾ മറികടന്ന് പ്രതിഷേധക്കാർ ഇന്നും അകത്ത് കയറി.

അതേസമയം, സഭാ പ്രതിനിധികൾ എത്താത്തതിനാൽ മാറ്റിവച്ച മന്ത്രിതല ഉപസമിതി യോഗം നാളെ നടക്കും. പ്രശ്നപരിഹാരത്തിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാനാണ് മന്ത്രിതല ഉപസമിതി വീണ്ടും യോ​ഗം ചേരുന്നത്.

Similar Posts