Kerala
ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിയ സംഭവം: ഒ.ജി ശാലിനി റവന്യൂ മന്ത്രിയെ കണ്ടു
Kerala

ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിയ സംഭവം: ഒ.ജി ശാലിനി റവന്യൂ മന്ത്രിയെ കണ്ടു

Web Desk
|
22 July 2021 11:25 AM GMT

അപേക്ഷ നല്‍കാതെയാണ് ഗുഡ് സര്‍വീസ് എന്‍ട്രിക്ക് പരിഗണിച്ചതെന്നും അത് റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കിയത് തന്റെ ഭാഗം കേള്‍ക്കാതെയാണെന്നും ശാലിനി മന്ത്രിക്ക് സമര്‍പ്പിച്ച കത്തില്‍ പറയുന്നു.

ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിയഉത്തരവിലെ മോശം പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയായിരുന്ന ഒ.ജി ശാലിനി റവന്യൂ മന്ത്രി കെ.രാജനെ കണ്ടു. മരംമുറിയുമായി ബന്ധപ്പെട്ട ഫയലുകള്‍ വിവരാവകാശ നിയമപ്രകാരം കൈമാറിയതിനാണ് ഒ.ജി ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കി കൊണ്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലക് ഉത്തരവ് പുറത്തിറക്കിയത്. തന്റെ സര്‍വീസിനെ കുറിച്ചും അടുത്ത കാലത്ത് മേലുദ്യോഗസ്ഥരില്‍ നിന്നുണ്ടായ നടപടികളും വിശദീകരിക്കുന്ന നാലുപേജുള്ള കത്തും ഒ.ജി ശാലിനി മന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

ജയതിലക് പുറത്തിറയ ഉത്തരവില്‍ തനിക്ക് ജോലിയില്‍ ആത്മാര്‍ത്ഥതയില്ലെന്ന പരാമര്‍ശം നീക്കണം. ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കിയത് താന്‍ ആവശ്യപ്പെട്ടിട്ടില്ല. ഗുഡ് സര്‍വീസ് എന്‍ട്രി തിരിച്ചെടുക്കുന്നതില്‍ പരാതിയില്ല. പക്ഷെ മോശം പരാമര്‍ശം നീക്കണമെന്നും ശാലിനി ആവശ്യപ്പെട്ടു.

ഈ നടപടിയിലൂടെ സാമാന്യ നിതീ നിഷേധിക്കപ്പെട്ടെന്നും വനിതാ ജീവനക്കാരിയായ തനിക്ക് മനോവ്യഥ ഉണ്ടാകുന്നതിനും ആത്മാഭിമാനം വ്രണപ്പെടുന്നതിനും ഇതുകാരണമായി എന്നും ഒ.ജി ശാലിനി നല്‍കിയ കത്തില്‍ പറയുന്നു. കത്ത് പരിശോധിച്ച മന്ത്രി തുടര്‍നടപടികള്‍ക്കായി ചീഫ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. ഇതേ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും ശാലിനി കത്ത് നല്‍കിയിട്ടുണ്ട്.

Similar Posts