Kerala
കോഴിക്കോട് ഒമിക്രോൺ സാമൂഹ്യവ്യാപനമെന്ന് ആരോഗ്യ വിദഗ്‌ധന്‍
Kerala

കോഴിക്കോട് ഒമിക്രോൺ സാമൂഹ്യവ്യാപനമെന്ന് ആരോഗ്യ വിദഗ്‌ധന്‍

Web Desk
|
17 Jan 2022 12:58 AM GMT

വിദേശത്ത് നിന്ന് എത്തിയവരുമായി സമ്പർക്കമില്ലാത്തവരിലും ഒമിക്രോൺ കണ്ടെത്തി

കോഴിക്കോട് ഒമിക്രോൺ സാമൂഹ്യവ്യാപനം നടന്നതായി ആരോഗ്യ വിദഗ്‌ധന്‍ ഡോ. എ.എസ് അനൂപ് കുമാര്‍. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ 40 കോവിഡ് ബാധിതരില്‍ 38 പേർക്ക് ഒമിക്രോൺ ബാധ കണ്ടെത്തി. വിദേശത്ത് നിന്ന് എത്തിയവരുമായി സമ്പർക്കമില്ലാത്തവരിലാണ് ഒമിക്രോൺ കണ്ടെത്തിയിരിക്കുന്നത്. കേരളത്തില്‍ പ്രതിദിന കോവിഡ് കേസുകള്‍ 50,000ത്തില്‍ എത്താന്‍ അധിക സമയം വേണ്ടിവരില്ലെന്നും ഡോ.അനൂപ് കുമാര്‍ പറഞ്ഞു.

പനി, തൊണ്ടവേദന, ചുമ എന്നീ ലക്ഷണങ്ങളാണ് ഒമിക്രോണിനുള്ളത്. കോവിഡ് പോസിറ്റീവായവരില്‍ ജനിതകശ്രേണീ പരിശോധന നടത്തിയപ്പോഴാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കോവിഡ് കേസുകള്‍ നിലവില്‍ കൂടാന്‍ ഒമിക്രോണ്‍ കാരണമായിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കോഴിക്കോട് ഈ മാസ ഒന്നാം തിയ്യതി 299 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ പ്രതിദിന കേസുകള്‍ 2000ല്‍ എത്തിനില്‍ക്കുകയാണ്.

സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി ടെസ്റ്റ് പോസിറ്റിവിറ്റി 30ല്‍

സംസ്ഥാനത്ത് ഭീതിപ്പെടുത്തുന്ന നിലയിലേക്ക് കോവിഡ് ടി.പി.ആര്‍ നിരക്ക് കുതിച്ചുയർന്നു. 30.55 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തിരുവനന്തപുരത്ത് 3917ഉം എറണാകുളത്ത് 3204ഉം പ്രതിദിന രോഗികള്‍. തിരുവനന്തപുരത്തെ എല്ലാ പൊതുപരിപാടികളും റദ്ദ് ചെയ്തു. 36 ആണ് ജില്ലയിലെ ടി.പി.ആര്‍. കോവിഡ് ക്ലസ്റ്ററായ മാര്‍ ഇവാനിയോസ് കോളജ് അടച്ചു. 62 പൊലീസുകാർക്ക് കോവിഡ് ബാധിച്ചു. എറണാകുളത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ മാറ്റിവെയ്ക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ 15 ദിവസത്തേയ്ക്ക് അടച്ചിടാനും കലക്ടറുടെ ഉത്തരവ്. 15 മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ബുധനാഴ്ച മുതല്‍ സ്കൂളില്‍ വാക്സിനേഷന്‍ യ‍ജ്ഞം ആരംഭിക്കും. 500ല്‍ കൂടുതല്‍ ഗുണഭോക്താക്കളുള്ള സ്കൂളുകളെ സെഷന്‍ സെറ്റുകളായി തെരഞ്ഞെടുത്താണ് വാക്സിന്‍ നല്‍കുക.

Related Tags :
Similar Posts