ഒമിക്രോണ്‍ വ്യാപനം; നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് പരിഗണനയില്‍
|വിദഗ്ധാഭിപ്രായം തേടിയ ശേഷം കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൌണും ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച തീരുമാനമെടുക്കും
സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടുന്നു. രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ സർക്കാരിന്റെ പരിഗണനയിലുണ്ട്. വിദഗ്ധാഭിപ്രായം തേടിയ ശേഷമായിരിക്കും തീരുമാനം.
ഇന്നലെ 50 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 280 ആയി. ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് രോഗമുണ്ടാകുന്നതും സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും ആശങ്ക ഉണ്ടാക്കുന്നു. ആകെ 30 പേര്‍ക്കാണ് ഇതു വരെ സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്. രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൌണും ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച തീരുമാനമെടുക്കും.
അയല്‍സംസ്ഥാനങ്ങളിലെ സാഹചര്യം കൂടി പരിഗണിക്കും. കല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവ അടക്കമുള്ള പൊതുപരിപാടികള്‍ക്ക് നേരത്തേ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. രോഗികളെ നേരത്തേ കണ്ടെത്തുന്നതിനായി പരിശോധനകളുടെ എണ്ണം കൂട്ടും. വിമാനത്താവളങ്ങളിലെ പരിശോധന കൂടുതല്‍ കര്‍ശനമാക്കും. ആശുപത്രി ചികിത്സ ആവശ്യമില്ലാത്തവര്‍ക്ക് ഗൃഹ പരിചരണം ഒരുക്കും. ആശുപത്രി സംവിധാനങ്ങളുടെ സമ്മര്‍ദം കുറയ്ക്കുകയാണ് ലക്ഷ്യം. വരും ദിവസങ്ങളിലും രോഗികളുടെ എണ്ണം കൂടാന്‍ സാധ്യത ഉള്ളതിനാല്‍ കടുത്ത ജാഗ്രത വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.