യദുവിന്റെ പരാതിയിൽ മേയർ,എം.എൽ.എ എന്നിവരടക്കം 5 പേർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം
|മേയർ ആര്യാ രാജേന്ദ്രൻ, എം.എൽ.എ സച്ചിൻ ദേവ് എന്നിവരുൾപ്പടെ 5 പേർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട പരാതി കോടതി പൊലീസിന് കൈമാറി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ പരാതിയിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ, എം.എൽ.എ സച്ചിൻ ദേവ് എന്നിവരടക്കം അഞ്ചുപേർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം.
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും ഇവർക്കെതിരെ കേസെടുക്കണം എന്നായിരുന്നു യദുവിന്റെ ആവശ്യം. പരാതി കോടതി പൊലീസിന് കൈമാറി. FIR ഇട്ട് അന്വേഷിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.
മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തിന് മുൻപ് കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു ഫോണിൽ സംസാരിച്ചത് ഒരു മണിക്കൂർ 10 മിനിറ്റെന്ന് പൊലീസ് കണ്ടെത്തൽ. ഹെഡ്‌സെറ്റ് ഉപയോഗിച്ചാണ് ഫോൺ ചെയ്തത്. യദുവിന്റെ ഫോൺ കോൾ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് കണ്ടെത്തലുണ്ടായത്. ബസ് ഓടിക്കുന്ന സമയത്തെ ഫോൺ കോളുകളാണിതെന്നാണ് പൊലീസ് പറയുന്നത്.
ജോലിക്കെടുക്കുന്ന സമയം യദു വിവിധ കേസുകളിൽ പ്രതിയായിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് ജോലിക്കെടുത്തതെന്ന് പൊലീസ് കെ.എസ്.ആർ.ടി.സിയെ അറിയിക്കും. കമ്മീഷണർ ഓഫീസിൽ വെച്ച് ഇന്നോ നാളെയോ ആയിരിക്കും കെ.എസ്.ആർ.ടി.സിക്ക് റിപ്പോർട്ട് കൈമാറുക.
മേയറും എം.എൽ.എ സച്ചിൻദേവും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് യദുവും ആരോപണം ഉന്നയിച്ചിരുന്നു. ഈ പരാതിയിലും പൊലീസ് അന്വേഷണം നടത്തി പ്രാഥമിക കണ്ടെത്തലുകൾ കെ.എസ്.ആർ.ടി.സിക്ക് ഉടൻ തന്നെ കൈമാറും.