മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും ഓണത്തിന് സ്പെഷ്യൽ കിറ്റ്; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം
|റേഷൻ വ്യാപാരികൾക്ക് ഏഴരലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.
ഓണത്തിന് മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും സ്പെഷ്യൽ കിറ്റ് നല്കാന് മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. റേഷൻ വ്യാപാരികൾക്ക് ഏഴരലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.
അതേസമയം, തിരുവനന്തപുരം മൃഗശാലയിൽ പാമ്പു കടിയേറ്റു മരിച്ച ഹർഷാദിന്റെ കുടുംബത്തിനു 20 ലക്ഷം രൂപ ധനസഹായം നല്‍കാനും യോഗത്തില്‍ തീരുമാനമായി. പത്തുലക്ഷം രൂപ വീട് നിര്‍മിക്കാനാണ് നല്‍കുന്നത്. കുടുംബത്തിലെ ആശ്രിതര്‍ക്ക് ജോലി നല്‍കാനും പതിനെട്ടു വയസുവരെ കുട്ടികളുടെ പഠന ചെലവ് സര്‍ക്കാര്‍ വഹിക്കാനും യോഗം തീരുമാനിച്ചു.
സമ്പൂര്‍ണ ബജറ്റ് പാസാക്കാന്‍ ഈ മാസം 21 മുതല്‍ നിയമസഭ സമ്മേളനം ചേരുന്നതിനായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും യോഗത്തില്‍ ധാരണയായി. അതേസമയം, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുടെ സസ്പെന്ഷന് കാലാവധി കഴിയുന്നത് സംബന്ധിച്ച വിഷയം മന്ത്രിസഭ യോഗത്തിന്റെ പരിഗണനയില്‍ വന്നിട്ടില്ല.