Kerala
ചികിത്സയിലിരിക്കെ ഒന്നരവയസുകാരി മരിച്ച സംഭവം: ആരോഗ്യമന്ത്രി  റിപ്പോർട്ട് തേടി
Kerala

ചികിത്സയിലിരിക്കെ ഒന്നരവയസുകാരി മരിച്ച സംഭവം: ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി

Web Desk
|
11 Jun 2023 2:43 PM GMT

ചികിത്സാ പിഴവാണ് കുട്ടിയുടെ മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് ചികിത്സയിലിരിക്കെ ഒന്നര വയസുകാരി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടി. കരകുളം സ്വദേശി സുജിത്-സുകന്യ ദമ്പതികളുടെ മകള്‍ ആര്‍ച്ചയാണ് മരിച്ചത്. ചികിത്സാ പിഴവാണ് കുട്ടിയുടെ മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

പനിയും ശ്വാസംമുട്ടലുമായി കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു ആര്‍ച്ച. രണ്ട് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ കാണിച്ചു. നാല് ദിവസമായി ആശുപത്രിയില്‍ പരിശോധിച്ച് മരുന്ന് നല്‍കി വീട്ടിലേക്ക് മടക്കി. ഇന്നും ആശുപത്രിയില്‍ നിന്ന് മടങ്ങിയ കുട്ടി അബോധാവസ്ഥയിലാകുകയും തിരിച്ച് ആശുപത്രിയിലെത്തും മുമ്പ് മരണം സംഭവിക്കുകയുമായിരുന്നു. മതിയായ ചികിത്സ കുട്ടിക്ക് ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.

ആശുപത്രിക്ക് മുൻപിൻ നാട്ടുകാരും ബന്ധുക്കളും പ്രതിക്ഷേധിച്ചു. കുട്ടിയുടെ മരണത്തില്‍ നെടുമങ്ങാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ചികിത്സാ പിഴവുണ്ടായിട്ടില്ലെന്നും പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നുമാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.

Similar Posts