പനി ബാധിച്ച് ഒന്നരവയസുകാരി മരിച്ചു; മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ
|അസ്വാഭാവിക മരണത്തിന് നെടുമങ്ങാട് പൊലീസ് കേസ് എടുത്തു
തിരുവനന്തപുരം: നെടുമങ്ങാട് പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു. സുജിത്-സുകന്യ ദമ്പതികളുടെ മകൾ ആർച്ചയാണ് മരിച്ചത്. കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു . അസ്വാഭാവിക മരണത്തിന് നെടുമങ്ങാട് പൊലീസ് കേസ് എടുത്തു.
കഴിഞ്ഞ കുറച്ച് ദിവസമായി ആർച്ചക്ക് പനിയും ചുമയും അനുഭവപ്പെട്ടിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ആദ്യം ചികിത്സ തേടിയത്. നാല് ദിവസം മുമ്പാണ് നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. ഓരോ ദിവസവും മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങിയെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇന്നും ആശുപത്രിയിലെത്തി കുട്ടിക്ക് ആവി പിടിപ്പിച്ച് വീട്ടിലേക്ക് മടങ്ങി. എന്നാൽ കുട്ടിയുടെ നില ഗുരുതരമായി. ആശുപത്രിയിലെത്തും മുമ്പേ മരണം സംഭവിച്ചിരുന്നു. ആശുപത്രിയിൽ നിന്ന് ഈ ദിവസങ്ങളിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബം പറയുന്നു. അതേസമയം, കുട്ടിയുടെ പോസ്റ്റ് മോർട്ടം നടപടികൾ കഴിഞ്ഞ ശേഷം പ്രതികരിക്കാമെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്.