കോഴിക്കോട് ബീച്ചിലെ സംഘർഷം: ഒരാൾ അറസ്റ്റിൽ, പരിപാടിയുടെ സംഘാടകർക്കെതിരെയും കേസ്
|പരിപാടിക്ക് മതിയായ സൗകര്യം ഒരുക്കാത്തതിന് സംഘാടകര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
കോഴിക്കോട്: ബീച്ചില്‍ സംഗീത പരിപാടിക്കിടെയുണ്ടായ സംഘർഷത്തില്‍ ഒരാള്‍ അറസ്റ്റില്‍. മാത്തോട്ടം സ്വദേശി ഷുഹൈബാണ് അറസ്റ്റിലായത്. പൊലീസിനെ അക്രമിച്ചതിനാണ് ഷുഹൈബിനെ അറസ്റ്റ് ചെയ്തത്. പരിപാടിക്ക് മതിയായ സൗകര്യം ഒരുക്കാത്തതിന് സംഘാടകര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണാര്‍ഥമാണ് കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടി നടത്തിയത്. ടിക്കറ്റ് വില്‍പനയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അപകടത്തിലേക്ക് നയിച്ചത്. തിക്കിലുംതിരക്കിലുംപെട്ട് മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. അതിനിടെ സ്ഥലത്തെത്തിയ പോലീസിന് നേരെ ഒരു വിഭാഗം അക്രമം അഴിച്ചുവിട്ടു. തുടര്‍ന്നാണ് പൊലീസ് ലാത്തിവീശിയത്.
ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. പരിപാടിയിലേക്ക് ആളുകള്‍ ഇരച്ചെത്തുകയായിരുന്നു. വേദിക്ക് താങ്ങാവുന്നതിലുമധികം പേര്‍ പരിപാടിക്കെത്തിയതോടെ സംഘാടകര്‍ ടിക്കറ്റ് വില്‍പന നിര്‍ത്തിവെച്ചു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സ്ഥലത്തെത്തിയ പൊലീസിനു നേരെയും ഒരു വിഭാഗം അക്രമം അഴിച്ചുവിട്ടു. പരിക്കേറ്റവരെ ബീച്ച് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ബീച്ച് ആശുപത്രിയിൽ ചികിത്സ തേടിയവരെല്ലാം ആശുപത്രി വിട്ടു. പതിനൊന്ന് പേരാണ് മെഡിക്കൽ കോളജിലുള്ളത്. ആരുടെയും നില ഗുരുതരമല്ല.