വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ രക്തസാക്ഷിത്വത്തിന് ഇന്നേക്ക് ഒരു നൂറ്റാണ്ട്
|1922 ജനുവരി 20നാണ് കുഞ്ഞഹമ്മദ് ഹാജിയെ ബ്രിട്ടീഷ് പട്ടാളം കൊലപ്പെടുത്തിയത്
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ രക്തസാക്ഷിത്വത്തിന് ഇന്നേക്ക് ഒരു നൂറ്റാണ്ട്.1922 ജനുവരി 20നാണ് കുഞ്ഞഹമ്മദ് ഹാജിയെ ബ്രിട്ടീഷ് പട്ടാളം കൊലപ്പെടുത്തിയത്. രക്തസാക്ഷിയായ വാരിയംകുന്നത്തിന്റെ മൃതദേഹത്തെയും ബ്രിട്ടീഷ് സൈന്യം ഭയന്നിരുന്നുവെന്നാണ് ചരിത്ര രേഖകൾ വ്യക്തമാക്കുന്നത്.
''നമ്മള് കഷ്ടപ്പെട്ടിരിക്കുന്നു. നമ്മള് അന്യരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരായിത്തീര്‍ന്നിരിക്കുന്നു. ബ്രിട്ടീഷ് ഗവണ്മെന്റാണതിനു കാരണം. അതിനെ നമുക്ക് ഒടുക്കണം.'' ബ്രിട്ടീഷ് പ്രതിനിധിയായി ഏറനാട് ഭരിച്ച ഖാന് ബഹദൂര്‍ ചേക്കുട്ടിയെ വധിച്ചതിനുശേഷം വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മഞ്ചേരിയിൽ നടത്തിയ പ്രഖ്യാപനത്തിന്റെ തുടക്കമാണിത്. മർക്കടമുഷ്ടി കൊണ്ട് രാജ്യത്തെ ജനങ്ങളെ തങ്ങളുടെ കീഴിലാക്കാനുള്ള ബ്രിട്ടീഷുകാരോടായിരുന്നു കുഞ്ഞഹമ്മദ് ഹാജിയുടെ വിരോധം. അവർക്ക് സഹായം ചെയ്ത് കൊടുക്കുന്നവരും മാത്രമായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശത്രുപട്ടികയിൽ.
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വീരേതിഹാസ ഏടുകളിലൊന്നായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം. സർവ സന്നാഹങ്ങളുമുള്ള ബ്രിട്ടീഷ് പട്ടാളത്തോട് മനക്കരുത്ത് കൊണ്ടാണ് കുഞ്ഞഹമ്മദ് ഹാജിയും ഒപ്പമുണ്ടായിരുന്നവരും പോരാടിയത്. ആ ധീരത സൈന്യബലവും ഭരണഘടനയുമെല്ലാമുള്ള സ്വതന്ത്ര രാജ്യം സ്ഥാപിക്കുന്നതിലേക്ക് നയിച്ചു, മലയാള രാജ്യം എന്നാണ് കുഞ്ഞഹമ്മദ് ഹാജി തന്റെ രാജ്യത്തിന് പേരിട്ടത്.
എല്ലാ നിലക്കും ഭീഷണിയായ കുഞ്ഞഹമ്മദ് ഹാജിയെ ജീവനോടെ പിടികൂടുക എന്ന ലക്ഷ്യത്തോടെ വിപുലമായ മേലുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക ടീമിനെ ബ്രിട്ടീഷുകാർ നിയോഗിച്ചു. വഞ്ചനയിലൂടെ ശത്രുക്കളെ കീഴ്പ്പെടുത്തിയ ചരിത്രമുള്ള ബ്രിട്ടീഷ് പട്ടാളം ഹാജിയെയും ചതിയിലൂടെയാണ് കീഴ്പ്പെടുത്തിയത്.
കൈകൾ ബന്ധിച്ച കുഞ്ഞഹമ്മദ് ഹാജിയെയും കൊണ്ട് 1922 ജനുവരി 5 ന് വണ്ടൂര്‍ വഴി മഞ്ചേരിയിലേക്ക് ബ്രിട്ടീഷ് സൈന്യം ആരവങ്ങളോടെ മാര്‍ച്ച് നടത്തി. വഴിയിലുടനീളം താടി,മീശ രോമങ്ങൾ പിഴുതെടുത്തും ബ്രിട്ടീഷ് സൈന്യം ഹാജിയോടെ ക്രൂരത തുടർന്നു. കുറ്റപത്രത്തിനും വിചാരണക്കും ശേഷം 1922 ജനുവരി 20ന് മലപ്പുറം കോട്ടക്കുന്നിന്റെ വടക്കേ ചരിവിലാണ് ഹാജിയുടെ വധശിക്ഷ നടപ്പാക്കിയത്. ഹാജി ആവശ്യപ്പെട്ടത് പ്രകാരം നെഞ്ചില്‍ തന്നെ നിറയൊഴിച്ചു. ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകളിലെ ഇരുനൂറോളം വില്ലേജുകള്‍ ഭരിച്ച വിപ്ലവ സര്‍ക്കാരിന്റെ നായകന് രക്തസാക്ഷിയായി.