Kerala
എല്ലാ സർവകലാശാലകൾക്കും ഒറ്റ ചാൻസലർ: സർവകലാശാല ബില്ലിൽ ഭേദഗതിയുമായി പ്രതിപക്ഷം
Kerala

എല്ലാ സർവകലാശാലകൾക്കും ഒറ്റ ചാൻസലർ: സർവകലാശാല ബില്ലിൽ ഭേദഗതിയുമായി പ്രതിപക്ഷം

Web Desk
|
13 Dec 2022 6:41 AM GMT

വിരമിച്ച സുപ്രിംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാൻസലറാകണമെന്നും ഭേദഗതിയിൽ നിർദ്ദേശിക്കുന്നു.

തിരുവനന്തപുരം: നിയമസഭയിൽ അവതരിപ്പിക്കുന്ന സർവകലാശാല ബില്ലിൽ ഭേദഗതിയുമായി പ്രതിപക്ഷം. എല്ലാ സര്വകലാശാലകൾക്കും വേണ്ടി ഒറ്റ ചാൻസലർ എന്നാണ് പുതിയ ഭേദഗതി നിർദ്ദേശം. വിരമിച്ച സുപ്രിംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാൻസലറാകണം. ചാൻസലർ നിയമനത്തിന് വേണ്ടി പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും ഭേദഗതിയിൽ നിർദ്ദേശിക്കുന്നു.

എന്നാൽ, സംസ്ഥാന സർക്കാർ ഈ ഭേദഗതി അംഗീകരിക്കാനുള്ള ഒരു സാധ്യതയും കാണുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. സമാന സ്വഭാവമുള്ള സർവകലാശാലകൾക്ക് ഒരു ചാൻസലർ എന്നാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇത് വിദ്യാഭ്യാസരംഗത്ത് വിദഗ്ദരായുള്ള ആളുകളുടെ തീരുമാനപ്രകാരം സംസ്ഥാന സർക്കാരിന് നിയമിക്കാമെന്നതാണ് വ്യവസ്ഥ. അതേസമയം, നിയമത്തിന് പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും പ്രതിപക്ഷ നിർദ്ദേശമുണ്ട്.

പ്രതിപക്ഷ നേതാവും ഹൈക്കോടതി ചീഫ് ജസ്റ്റിസുമടങ്ങുന്ന സമിതിയായിരിക്കണം ചാൻസലറെ നിയമിക്കേണ്ടതെന്ന നിർദ്ദേശവും പ്രതിപക്ഷം മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതും സംസ്ഥാന സർക്കാർ അംഗീകരിക്കില്ലെന്നാണ് വിവരം. നേരത്തെ, ചാൻസലറിന് പകരം പ്രോ ചാൻസലറെ നിയമിക്കണമെന്ന വ്യവസ്ഥ യുജിസി മാനദണ്ഡങ്ങൾക്ക് എതിരാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതോടെ സർക്കാർ അതിന് മാറ്റം വരുത്തിയിരുന്നു.

അതേസമയം, സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള സർവകലാശാല ഭേദഗതി ബിൽ ഇന്ന് നിയമസഭ പാസാക്കും. സബ്ജക്ട് കമ്മിറ്റി പരിഗണനയ്ക്കു ശേഷമാണ് ബിൽ ഇന്ന് വീണ്ടും സഭയിൽ എത്തുന്നത്. ബില്ലിനെ പ്രതിപക്ഷം എതിർക്കും. സർവകലാശാല ഭേദഗതി ബിൽ പാസാക്കി സഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും.

Similar Posts