Kerala
മൻസൂർ വധക്കേസില്‍ ഒരാൾ കൂടി കസ്റ്റഡിയിൽ
Kerala

മൻസൂർ വധക്കേസില്‍ ഒരാൾ കൂടി കസ്റ്റഡിയിൽ

Web Desk
|
13 April 2021 10:53 AM GMT

ഇന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ ഉൾപ്പെട്ടയാളാണ് പിടിയിലായത്.

പാനൂര്‍ മൻസൂർ വധക്കേസില്‍ ഒരാൾ കൂടി കസ്റ്റഡിയിൽ. പുല്ലൂക്കര സ്വദേശി ബിജേഷാണ് കസ്റ്റഡിയിലായത്. ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ ഉൾപ്പെട്ടയാളാണ് ഇയാൾ.

കൊല നടന്നതിന് 100 മീറ്റർ അകലെ മുക്കിൽ പീടികയിൽ വെച്ച് പ്രതികൾ ഒരുമിച്ച് കൂടിയതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് ഇന്ന് പുറത്തുവന്നത്. കൊല നടക്കുന്നതിന് ഏതാണ്ട് 15 മിനിറ്റ് മുമ്പാണ് പ്രതികൾ ഒത്തുചേർന്നത്. ഗൂഢാലോചന നടത്തിയത് ഇവിടെ എന്നാണ് പൊലീസ് സംശയിക്കുന്നത്.

അറസ്റ്റിലായ ഷിനോസിന്‍റെ മൊബൈൽ ഫോണിന്‍റെ സ്ക്രീൻ ഷോട്ടുകളും മീഡിയവണിന് ലഭിച്ചു. ശ്രീരാഗ്, ജാബിർ തുടങ്ങിയവർ വിളിച്ചതായി ഫോണിലെ കോള്‍ലിസ്റ്റില്‍ വ്യക്തമാകുന്നുണ്ട്. കൊലപാതകം നടന്ന ഉടനെ തന്നെ നാട്ടുകാരാണ് ഷിനോസിനെ പിടികൂടി പൊലീസിലേല്‍പ്പിച്ചത്. ആ സമയത്ത് തന്നെ മൊബൈല്‍ പിടിച്ചുവാങ്ങി നാട്ടുകാര്‍ കോള്‍ ലിസ്റ്റ് എടുത്തിരുന്നു. ഇതാണ് ഇപ്പോള്‍ പുറത്തുവന്നത്.

അതേസമയം മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിനെ കൊന്നു കെട്ടിത്തൂക്കിയതാണെന്ന് കെ സുധാകരന് എങ്ങനെ വിവരം കിട്ടിയെന്നാണ് എം വി ജയരാജന്‍റെ ചോദ്യം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരും മുമ്പ് തന്നെ ഇക്കാര്യം പറഞ്ഞു. അങ്ങനെ എങ്കിൽ സുധാകരനെ അന്വേഷണ സംഘം ചോദ്യം ചെയ്യണം. എഫ്ഐആർ സുധാകരനും കുറ്റപത്രം മാധ്യങ്ങളും തയ്യാറാക്കുന്നുവെന്നും എം വി ജയരാജന്‍ വിമര്‍ശിച്ചു.

Similar Posts