ശ്രീനിവാസന് വധം: അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന് അറസ്റ്റില്
|കോങ്ങാട് സ്റ്റേഷനിലെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥാനായ ജിഷാദ് ബദറുദ്ധീനാണ് അറസ്റ്റിലായത്
പാലക്കാട്: മുൻ ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഓരാൾ കൂടി പിടിയിൽ. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥാനായ ജിഷാദ് ബദറുദ്ധീനാണ് അറസ്റ്റിലായത്. കൊടുവായൂർ നവക്കോട് എ.പി സ്ട്രീറ്റ് സ്വദേശിയാണ് ജിഷാദ് ബദറുദ്ദീൻ. ഗൂഢാലോചനയിലും പ്രതികളെ സഹായിച്ചതിലും ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസിൽ 21 പേരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയത്.
മലപ്പുറത്ത് ജോലി ചെയ്യുന്ന ഇയാൾ ജോലിയുടെ ഭാഗമായി ഏതാനും നാളുകളായി കോങ്ങാട് സ്റ്റേഷനിലാണ്. ശ്രീനിവാസൻ കൊല്ലപ്പെട്ട ദിവസം കൊലയാളി സംഘത്തിൽപെട്ട ഒരാളുമായി ഇയാൾ നഗരത്തിലുണ്ടായിരുന്നെന്നും ശ്രീനിവാസനെ കണ്ടെത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. ബുധനാഴ്ച തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
അതിനിടെ പ്രതികൾ ഉപയോഗിച്ച ഒരു ബൈക്ക് കൂടി കണ്ടെടുത്തു. പട്ടാമ്പിക്കടുത്ത് കൊടുമുണ്ടയിൽ നിന്നാണ് ബൈക്ക് കണ്ടെടുത്തത്. ഭാരതപുഴയോരത്ത് പുൽക്കാടിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബൈക്ക്. ബൈക്കിൽ നിന്ന് രക്തക്കറ കണ്ടെത്തി. പ്രതി ഫിറോസുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ബൈക്ക് കണ്ടെത്തിയത്.ഫിറോസായിരുന്നു ആ ബൈക്ക് ഉപയോഗിച്ചിരുന്നത്.
ഏപ്രിൽ 16ന് ഉച്ചയ്ക്കാണ് ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖായിരുന്ന ശ്രീനിവാസനെ ഒരുസംഘം കടയിൽ കയറി വെട്ടിക്കൊന്നത്. വിഷുദിനത്തിൽ കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.