മുതലപ്പൊഴി ബോട്ടപകടം: കാണാതായ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി
|ഇന്നലെ കണ്ടെടുത്ത മൃതദേഹം കാണാതായ സമദിന്റേതാണ് എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് ബന്ധുക്കളെത്തി അല്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
തിരുവനന്തപുരം: മുതലപ്പൊഴിയിൽ ബോട്ടപകടത്തിൽപെട്ട് കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. ഉസ്മാന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു.
ഇതോടെ ബോട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. വിഴിഞ്ഞം അടിമലത്തുറയില്‍ ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കരയ്ക്കടിഞ്ഞത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ ഒരു മൃതദേഹം കണ്ടെടുത്തിരുന്നു. ഇത് കാണാതായ സമദിന്റേതാണ് എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് ബന്ധുക്കളെത്തി ഇത് സമദിന്റെ മൃതദേഹമല്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
എന്നാല്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ സ്ഥിരീകരണത്തിന് ഡി.എന്‍.എ പരിശോധനയടക്കം നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു.
അതേസമയം, ഇനി മുസ്തഫ, സമദ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ അഞ്ച് ദിവസമായി അപകടം നടന്ന സ്ഥലത്ത് കോസ്റ്റ് ഗാർഡും നാവികസേനയും മത്സ്യത്തൊഴിലാളികളും പൊലീസും ചേർന്ന് തെരച്ചിൽ നടത്തുകയാണ്.
അപകടത്തിൽപ്പെട്ടവർ കുടുങ്ങിക്കിടക്കുന്നു എന്ന് കരുതിയ വല എടുക്കാൻ കഴിഞ്ഞിരുന്നില്ല. അതിനിടയിലാണ് ഇന്നലെ വിഴിഞ്ഞത്തിന് സമീപം ഒരാളുടെ മൃതദേഹം ലഭിച്ചത്. പനത്തൂർ ഭാഗത്തെ തീരത്തോട് ചേർന്ന് മൃതദേഹം അടിയുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് മുതലപ്പൊഴിയില്‍ നിന്ന് 23 പേരുമായി മത്സ്യബന്ധനത്തിന് പോയ വള്ളം അപകടത്തില്‍പ്പെടുന്നത്. കരയിലേക്ക് തിരിച്ചുവരുന്നതിനിടെ സഫ- മര്‍വ എന്ന ബോട്ടാണ് തിരയില്‍പെട്ട് മറിഞ്ഞത്.