Kerala
കോഴിക്കോട് ചിൽഡ്രണ്‍സ് ഹോമിൽ നിന്ന് കാണാതായ ഒരു പെണ്‍കുട്ടിയെ കൂടി കണ്ടെത്തി
Kerala

കോഴിക്കോട് ചിൽഡ്രണ്‍സ് ഹോമിൽ നിന്ന് കാണാതായ ഒരു പെണ്‍കുട്ടിയെ കൂടി കണ്ടെത്തി

Web Desk
|
28 Jan 2022 3:03 AM GMT

ഇനി നാല് പെൺകുട്ടികളെ കൂടി കണ്ടെത്താനുണ്ട്.

കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രണ്‍സ് ഹോമിൽ നിന്ന് കാണാതായ ഒരു കുട്ടിയെ കൂടി കണ്ടെത്തി. മൈസൂരിനടുത്തെ മാണ്ഡ്യയിൽ വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. മൈസൂരിൽ നിന്ന് കോഴിക്കോട്ടെക്ക് യാത്ര ചെയ്യുകയായിരുന്നു പെൺകുട്ടി. ഇനിയും നാല് പെൺകുട്ടികളെ കൂടി കണ്ടെത്താനുണ്ട്.

ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടിപ്പോയ ആറ് പെണ്‍കുട്ടികളെത്തിയത് ബെംഗുളൂരു മടിവാള മാരുതി നഗറിലെ ഒരു അപാർട്മെന്റിലാണ്. രണ്ട് യുവാക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു. അപാർട്ട്മെന്‍റിലുള്ളവര്‍ക്ക് സംശയംതോന്നി ഐഡി കാർഡ് ആവശ്യപ്പെട്ടു. ഇതോടെ പെണ്‍കുട്ടികള്‍ അപാർട്ട്മെന്‍റില്‍ നിന്ന് ഇറങ്ങി ഓടി. ഒരു പെണ്‍കുട്ടിയെയും യുവാക്കളെയും അപാർട്മെന്‍റ് ജീവനക്കാർ മടിവാള പൊലീസിനെ ഏല്‍പ്പിച്ചു.

കാണാതായതില്‍ നാലു പേർ 14 വയസുള്ളവരാണ്. ഒരാള്‍ക്ക് 17 വയസും മറ്റൊരാള്‍ക്ക് 16 വയസുമാണ് പ്രായം. അഞ്ച് പേര്‍ കോഴിക്കോട് സ്വദേശികളും ഒരാള്‍ കണ്ണൂര്‍ സ്വദേശിയുമാണ്.

ചില്‍ഡ്രണ്‍സ് ഹോമില്‍ നിന്നെത്തിയ കുട്ടികള്‍ ബെംഗുളൂരുവില്‍ ഉണ്ടെന്നറിഞ്ഞ് കോഴിക്കോട് നിന്ന് തിരിച്ച ചേവായൂർ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് രാത്രിയോടെ ബെംഗുളൂരുവില്‍ എത്തിയിരുന്നു. കുട്ടികള്‍ ഗോവയിലെ മറ്റൊരു സുഹൃത്തുമായി ഫോണില്‍ ബന്ധപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതോടെ മറ്റു കുട്ടികള്‍ ബെംഗുളൂരുവില്‍ നിന്ന് ഗോവയിലേക്ക് പോകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഗോവാ പൊലീസുമായും അവിടത്തെ ഹോട്ടലുകളുമായും കേരള പൊലീസ് ബന്ധപ്പെടുന്നുണ്ട്. ഫോണും ഐഡന്‍റിറ്റി കാർഡുമില്ലാത്തതിനാല്‍ കൂടുതല്‍ ദൂരത്തിലേക്ക് പോകാനുള്ള സാധ്യതയില്ലെന്നും പൊലീസ് കരുതുന്നു. മടിവാള പൊലീസ് സ്റ്റേഷനിലുള്ള പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇവരെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് എപ്പോഴാണെന്ന കാര്യം പൊലീസ് ഇന്ന് തീരുമാനിക്കും.

Similar Posts