Kerala
one more person arrested in  kochi trafficking
Kerala

അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്; ഒരാൾ കൂടി അറസ്റ്റിൽ

Web Desk
|
24 May 2024 3:15 PM GMT

പിടിയിലായ ആൾ മുഖ്യപ്രതി സാബിത്ത് നാസറുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നുവെന്ന് പൊലീസ്

കൊച്ചി: അവയവക്കച്ചവടത്തിനായി ഇന്ത്യയിൽ നിന്നും ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എടത്തല സ്വദേശി സജിത്തിനെ ആണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി സാബിത്ത് നാസറുമായി ഇയാൾ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നുവെന്ന് പൊലീസ്. അതിനിടെ കേസിൽ മുഖ്യപങ്കുണ്ടെന്ന് സംശയിക്കുന്ന കൊച്ചി സ്വദേശി മധു ഇറാനിലാണെന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചു.

മുഖ്യ പ്രതി സാബിത്ത് നാസറുമായി എടത്തല സ്വദേശി സജിത്ത് ശ്യാം ലക്ഷങ്ങളുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. സാബിത്തിന്റെ ഫോണിൽ നിന്നും ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലിന് പിന്നാലെയാണ് സജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടുതൽ പേർ ഉടൻ കസ്റ്റഡിയിൽ ആകും എന്ന സൂചനയും പൊലീസ് നൽകുന്നുണ്ട്.

കേസിലെ മുഖ്യ പ്രതി സാബിത്ത് നാസർ ഇടനിലക്കാരൻ അല്ലെന്നും മുഖ്യ സൂത്രധാരന്മാരിൽ ഒരാളാണെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു. പ്രതിയുമായി ബന്ധമുള്ള സംഘത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടരുകയാണ്. പിടിയിലാകുന്നതിനു മുൻപ് സാബിത്തുമായി മറ്റു ചിലർ കൂടി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ഫോൺ ഓഫ് ചെയ്ത നിലയിലാണ്. കഴിഞ്ഞ അഞ്ചുവർഷമായി ഇറാനിൽ താമസിച്ചാണ് സാബിത്ത് മനുഷ്യക്കടത്ത് നിയന്ത്രിച്ചിരുന്നത്. അതിനാൽ മനുഷ്യകടത്തിന് നാട്ടിൽ നിന്ന് സഹായം ഒരുക്കിയത് ഈ സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്.

കേസിൽ മുഖ്യ പങ്കുണ്ടെന്ന് സാബിത്ത് മൊഴി നൽകിയ കൊച്ചി സ്വദേശി മധു ഇറാനിൽ ആണെന്ന വിവരവും ലഭിച്ചിട്ടുണ്ട്. ഇയാളുമായി ചേർന്നാണ് സാമ്പത്തിക ഇടപാടുകൾ അടക്കം കൈകാര്യം ചെയ്തിരുന്നതെന്ന് സാബിത്ത് മൊഴി നൽകിയിരുന്നു. ഇന്റർനെറ്റ് ബാങ്കിങ് വഴിയാണ് പ്രതി സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ കൂടി ലഭിച്ചാലെ എത്ര തുകയാണ് ഇയാൾ കമ്മീഷൻ ആയി കൈപ്പറ്റിയതെന്ന കാര്യത്തിൽ വ്യക്തത വരൂ. വിശദമായ അന്വേഷണത്തിന് ഇറാനിലെ ഇന്ത്യൻ എംബസിയുടെ സഹായം തേടാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യ കടത്ത് നടത്തുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്നതില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ വിവരശേഖരണം നടത്തിയിരുന്നു. തുടര്‍ന്ന് ഐ.ബി കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇറാനില്‍ നിന്നും എത്തിയ പ്രതി സാബിത്തിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചത്. നെടുമ്പാശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതി നിര്‍ണായക മൊഴി നല്‍കിയത്. താന്‍ ഇടനിലക്കാരന്‍ മാത്രമാണെന്നും മുഖ്യ കണ്ണികള്‍ ഹൈദരാബാദ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രതി മൊഴി നല്‍കി.

Similar Posts