രക്ഷാപ്രവർത്തകരിലൊരാൾ ബാബുവിനരികിലെത്തി; വെള്ളവും ഭക്ഷണവും എത്തിച്ചു
|രണ്ടു മണിക്കൂറിനുള്ളിൽ ബാബുവിനെ പുറത്തെത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി രക്ഷാപ്രവർത്തകരിലൊരാളായ സൈഫുദ്ദീൻ പറഞ്ഞു
പാലക്കാട് മലമ്പുഴ ചെറാട് മലയിടുക്കില്‍ കുടുങ്ങികിടക്കുന്ന ബാബുവിന്റെ അരികിൽ രക്ഷാപ്രവർത്തകരിലൊരാൾ ബാബുവിനരികിലെത്തി. ബാബുവിന് വെള്ളവും ഭക്ഷണവും എത്തിച്ചു. രണ്ടു മണിക്കൂറിനുള്ളിൽ ബാബുവിനെ പുറത്തെത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി രക്ഷാപ്രവർത്തകരിലൊരാളായ സൈഫുദ്ദീൻ പറഞ്ഞു. പ്രവർത്തകർ ബാബുവുമായി സംസാരിച്ചു. ബാബുവിന് സുരക്ഷാ ബെൽറ്റ് ഘടിപ്പിച്ചതായും രക്ഷാപ്രവർത്തനം അന്തിമ ഘട്ടത്തിലെത്തിയതായും രക്ഷാപ്രവർത്തകർ അറിയിച്ചു.
മലകയറ്റത്തിൽ വിദഗ്ദരായ 20 പേരടങ്ങുന്ന എൻ.ഡി.ആർ.എഫ് സംഘവും മലയുടെ മുകളിൽ തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ എല്ലാവിധത്തിലും യുവാവിനെ രക്ഷിക്കാൻ ശ്രമം നടത്തുന്നതായും അദ്ദേഹം അറിയിച്ചു.
ബാബു മലയില്‍ കുടുങ്ങിയിട്ട് 43 മണിക്കൂര്‍ പിന്നിട്ടു. ബാബുവും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്നാണ് തിങ്കളാഴ്ച മല കയറിയത്. ഇതിനിടെ ബാബു കാല്‍വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന സഹൃത്തുക്കള്‍ ബാബുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഇതോടെ സുഹൃത്തുക്കള്‍ മലയിറങ്ങി പൊലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു.
കൊക്കയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ എത്തിയിരുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയെങ്കിലും ബാബുവിനെ രക്ഷിക്കാനായില്ല. ബാബുവിന് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള ശ്രമമാണ് രക്ഷാ പ്രവര്‍ത്തകര്‍ ആദ്യം നടത്തിയത്. ആ ശ്രമവും വിഫലമായിരിക്കുകയാണ്. ചെങ്കുത്തായ പാറകളാല്‍ നിബിഡമായ പ്രദേശത്ത് ഹെലികോപ്ടര്‍ ലാന്റ് ചെയ്യുകയെന്നത് ഒരിക്കലും സാധ്യമല്ല. ബാബുവിനെ രക്ഷിക്കാനാവാതെ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ മടങ്ങി പോയത് രക്ഷാപ്രവര്‍ത്തനത്തെ ഏറെ പ്രതിസന്ധിയിലാക്കി.