ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപിൽ അറസ്റ്റിലായവരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു
|ലക്ഷദ്വീപ് കലക്ടറുടെ കോലം കത്തിച്ചതിന് അറസ്റ്റിലായ 24 പേരെയും ഒരുമിച്ചാണ് താമസിപ്പിക്കുന്നത്
ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപിൽ അറസ്റ്റിലായവരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ലക്ഷദ്വീപ് കലക്ടറുടെ കോലം കത്തിച്ചതിന് അറസ്റ്റിലായ 24 പേരെയും ഒരുമിച്ചാണ് താമസിപ്പിക്കുന്നത്. കിൽത്താൻ ദ്വീപിനെതിരെയുള്ള കലക്ടറുടെ പ്രസ്ഥാവനയിൽ പ്രതിഷേധിച്ചായിരുന്നു ഇവർ കലക്ടറുടെ കോലം കത്തിച്ചത്.
കിൽത്താൻ ദ്വീപിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയവരെ കാണാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. കിൽത്താൻ ദ്വീപിൽ നിന്ന് ആദ്യം 12 പേരെയും ഇന്നലെ 11 പേരെയും അറസ്റ്റ് ചെയ്തിരുന്നു. ലക്ഷദ്വീപ് കളക്ടർ വാർത്താസമ്മേളനത്തിൽ കിൽത്താൻ ദ്വീപിനെകുറിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞുവെന്നും പ്രത്യേകിച്ച് കിൽത്താൻ ദ്വീപ് ലഹരിമാഫിയയുടെ കേന്ദ്രമാണെന്ന് പറഞ്ഞിരുന്നു.
ഇതിനെതിരേ ദ്വീപിൽ വ്യാപകമായ പ്രതിഷേധം അരങ്ങേറിയിരുന്നു. യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ദിവസം പ്രതിഷേധം സംഘടിപ്പിച്ചത്. ഈ പ്രതിഷേധം സംഘടിപ്പിച്ച ദിവസം തന്നെ 12 പേരെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു. റിമാൻഡ് ചെയ്തെങ്കിലും അവരെ പാർപ്പിക്കാൻ ജയിലുകളില്ലാത്തതിനാൽ പൊലീസ് സ്റ്റേഷന് തൊട്ടടുത്ത കമ്മ്യൂണിറ്റി ഹാളിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇന്നലെ അറസ്റ്റ് ചെയ്ത 11 പേരെയും ഇതേ കമ്യൂണിറ്റി ഹാളിലാണ് റിമാൻഡിലാക്കിയത്.
പക്ഷേ ഇവരെ ബന്ധുക്കളെ കാണാൻ അനുവദിക്കുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. കൂടാതെ കോവിഡ് അതിരൂക്ഷമായ പടരുന്ന സാഹചര്യത്തിലും 24 പേരെ കമ്യൂണിറ്റി ഹാളിൽ പാർപ്പിച്ചിരിക്കുന്നത് സാമൂഹിക അകലം പോലുമില്ലാതെയാണ് പാർപ്പിച്ചിരിക്കുന്നത്. ഇതിനെതിരേയും ബന്ധുക്കൾക്ക് പ്രതിഷേധമുണ്ട്. ഇത്തരത്തിൽ കിൽത്താൻ ദ്വീപിൽ പ്രതിഷേധവും പൊലീസ് നടപടികളും വ്യാപകമായി നടക്കുകയാണ്.