Kerala
തനിക്കെതിരെ നടക്കുന്നത് ഏകപക്ഷീയമായ വേട്ടയാടൽ; പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകന്‍ ദീപക് ധര്‍മടം
Kerala

'തനിക്കെതിരെ നടക്കുന്നത് ഏകപക്ഷീയമായ വേട്ടയാടൽ'; പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകന്‍ ദീപക് ധര്‍മടം

ijas
|
25 Aug 2021 10:21 AM GMT

അന്വേഷണ ഉദ്യോഗസ്ഥനെ കുടുക്കാന്‍ ദീപക് ധര്‍മടവും ആരോപണവിധേയനായ ഐ.എഫ്.എസ് ഉദ്യോഗസ്ഥനും പ്രതികളും ഗൂഢാലോചന നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു

മുട്ടില്‍മരം മുറിക്കേസില്‍ ആരോപണവിധേയനായ ഐ.എഫ്.എസ് ഉദ്യോഗസ്ഥനും പ്രതികളും മാധ്യമ പ്രവര്‍ത്തകനായ ദീപക് ധര്‍മടവും നിരവധി തവണ സംസാരിച്ചതായ രേഖകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി 24 ന്യൂസ് ചാനല്‍ റീജനല്‍ ഹെഡും മാധ്യമ പ്രവര്‍ത്തകനുമായ ദീപക് ധര്‍മടം. തനിക്കെതിരെ ഏകപക്ഷീയമായി വേട്ടയാടൽ നടക്കുകയാണെന്ന് ദീപക് ധര്‍മടം പറഞ്ഞു. ഒരു അഴിമതിക്കും കുട്ടു നിന്നിട്ടില്ല. നിൽക്കുകയുമില്ല. വൈകി ആയാലും സത്യം ജയിക്കും എന്നാണ് വിശ്വാസമെന്നും അതുവരെ ഇനി പ്രതികരിക്കുന്നില്ലെന്നും ദീപക് ധര്‍മടം വ്യക്തമാക്കി.

മുട്ടില്‍ മരം മുറിക്കേസ് വിവാദം മുറുകിയതോടെ ഫേസ്ബുക്ക് അക്കൗണ്ട് പ്രൈവസിയടക്കം പരിമിതപ്പെടുത്തിയിരിക്കുകയാണ് ദീപക്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദീപക് വിവാദങ്ങളോട് പ്രതികരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനെ കുടുക്കാന്‍ ദീപക് ധര്‍മടവും ആരോപണവിധേയനായ ഐ.എഫ്.എസ് ഉദ്യോഗസ്ഥനും പ്രതികളും ഗൂഢാലോചന നടത്തിയതായി നേരത്തെ തന്നെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

മുട്ടില്‍ കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട മരം മുറി മറച്ചുവയ്ക്കാനാണ് ഡി.എഫ്.ഒ എന്‍.ടി സാജന്‍ മണിക്കുന്ന് മലയിലെ മരംമുറി അന്വേഷിച്ചെന്നാണ് അ‍ഡീഷണല്‍ പി.സി.സി എഫ് രാജേഷ് രവീന്ദ്രന്‍ നല്‍കിയെ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. പ്രതികളായ ആന്‍റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ എന്നിവരും കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകനായ ദീപക് ധര്‍മടവും ചേര്‍ന്നാണ് മേപ്പാടി റേഞ്ച് ഓഫീസറായ സമീറിനെ കുടുക്കാന്‍ നീക്കം നടത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിന്‍റെ കൂടുതല്‍ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ദീപക് ധര്‍മടത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

സുഹൃത്തുക്കളെ,

എനിക്കെതിരെ ഏക പക്ഷീയമായി വേട്ടയാടൽ നടക്കുകയാണ്. ഒരു കാര്യം മാത്രം പറയുന്നു. ഒരു അഴിമതിക്കും കുട്ടു നിന്നിട്ടില്ല. നിൽക്കുകയുമില്ല.

വൈകി ആയാലും സത്യം ജയിക്കും എന്നാണ് വിശ്വാസം .അതുവരെ ഇനി പ്രതികരിക്കുന്നില്ല.



Similar Posts