വയനാട് പടിഞ്ഞാറത്തറ വെടിവെപ്പിന് ഒരുവർഷം: വ്യാജ ഏറ്റുമുട്ടല്‍ ആക്ഷേപത്തിലെ അന്വേഷണം എങ്ങുമെത്തിയില്ല
|കഴിഞ്ഞവർഷം നവംബർ മൂന്നിന് രാവിലെ 9.15ഓടെയാണ് പടിഞ്ഞാറത്തറ മീൻമുട്ടി വനമേഖലയിൽ ഏറ്റുമുട്ടലുണ്ടായത്
മാവോയിസ്റ്റ് നേതാവ് വേൽമുരുകൻ കൊല്ലപ്പെട്ട വയനാട് പടിഞ്ഞാറത്തറ വെടിവെപ്പിന് ഇന്നേക്ക് ഒരുവർഷം. പടിഞ്ഞാറത്തറയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആക്ഷേപമുണ്ടായിരുന്നെങ്കിലും ഇതുസംബസിച്ച മജിസ്റ്റീരിയൽ അന്വേഷണം ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല.
കഴിഞ്ഞവർഷം നവംബർ മൂന്നിന് രാവിലെ 9.15ഓടെയാണ് പടിഞ്ഞാറത്തറ മീൻമുട്ടി വനമേഖലയിൽ ഏറ്റുമുട്ടലുണ്ടായത്. പതിവ് പരിശോധനയ്ക്ക് ഇറങ്ങിയ തണ്ടർബോൾട്ടിനെതിരെ അഞ്ചുപേരടങ്ങുന്ന മാവോയിസ്റ്റ് സംഘം വെടിയുതിർത്തെന്നായിരുന്നു പൊലീസ് ഭാഷ്യം. തമിഴ്നാട് തേനി സ്വദേശി വേൽമുരുകൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വേൽമുരുകന്റെ ശരീരത്തിൽ നാൽപതിലേറെ മുറിവുകളുണ്ടായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഏറ്റുമുട്ടലിനെതിരെ വ്യാപക ആക്ഷേപങ്ങളുയർന്നതോടെ മജിസ്റ്റീരിയിൽ അന്വേഷണം പ്രഖ്യാപിക്കപ്പെട്ടെങ്കിലും അതും ഇപ്പോൾ നിലച്ച മട്ടാണ്. സംഭവത്തിലെ ദുരൂഹത നീക്കാൻ മജിസ്റ്റീരിയൽ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് മനുഷ്യാവകാശ പ്രവർത്തകരുടെ ആവശ്യം.