ഓൺലൈനായി 2000 രൂപ ലോണെടുത്ത യുവതിക്ക് ഭീഷണി; മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കുന്നതായി പരാതി
|ക്യാഷ് ബസ് മൊബൈൽ ആപ്പ് വഴിയാണ് യുവതി ലോണെടുത്തത്
കൊച്ചി: ക്യാഷ് ബസ് മൊബൈൽ ആപ്പ് വഴി 2000 രൂപ ലോണെടുത്ത യുവതിയെ സെക്‌സ് വർക്കറായി ചിത്രീകരിച്ച് അപമാനിക്കുന്നതായി പരാതി. പണം തിരിച്ചടച്ചിട്ടും വൈക്കം സ്വദേശി അനുജയുടെ ഫോണിലുള്ള മുഴുവൻ നമ്പരിലേക്കും മോർഫ് ചെയ്ത ചിത്രം അയച്ചു. യുവതിയുടെ ചിത്രവും, ഫോൺ നമ്പരും വെച്ച് സെക്‌സ് വർക്കറാണെന്ന് പറഞ്ഞ് ഫോണിലുള്ള വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് മെസേജും അയക്കുന്നുണ്ട്.
കഴിഞ്ഞ മാസം 26ാം തീയതിയാണ് 2000 രൂപ ലോണെടുത്തത്. സർവീസ് ചാർജെന്ന് പറഞ്ഞ് 600 രൂപ ഈടാക്കിയതതിന് ശേഷം 1400 രൂപയെ യുവതിക്ക് നൽകിയിരുന്നുള്ളൂ. ഒരാഴ്ചക്കിടെ 2200 രൂപ തിരിച്ചടച്ചു. പിന്നെയും പിന്നെയും പണം വേണമെന്ന് പറഞ്ഞ് പലപല നമ്പരുകളിൽ നിന്ന് കോള് വന്നു. ഇനി പണം നൽകില്ലെന്ന് തീർത്ത് പറഞ്ഞതിന് നൽകിയത് ശേഷമാണ് ഫോണിലെ കോണ്ടാക്ട് ലിസ്റ്റിലുള്ള എല്ലാവർക്കും മോർഫ് ചെയ്ത ഫോട്ടോ അയച്ചത്. അനുജയുടെയും ഭർത്താവിന്റെയും ഫോണിലുള്ള എല്ലാ നമ്പരുകളും ഫോട്ടോകളും എടുക്കാനുള്ള അനുമതി തുടക്കത്തിൽ തന്നെ പണം നൽകിയവർ വാങ്ങിയിരുന്നു.
21500 രൂപ നൽകണമെന്നാണ് ഫോണിൽ വിളിച്ച് ഹിന്ദിയിൽ സംസാരിക്കുന്നവരുടെ ഇപ്പോഴത്തെ ആവശ്യം. ഇല്ലെങ്കിൽ ഭർത്താവ് അജ്മൽ ഹുസൈൻറെ ഫോണിലുള്ള നമ്പരുകളിലേക്ക് കൂടി യുവതിയുടെ മോർഫ് ചെയ്ത ചിത്രം അയക്കുമെന്നും ഭീഷണിപ്പെടുത്തി. ഫോട്ടോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിയുണ്ട്. തുടർന്നാണ് യുവതി സെബർ സെല്ലിൽ പരാതി നൽകിയത്.