Kerala
ഓൺലൈൻ വിദ്യാഭ്യാസം പഠിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കരുതെന്ന് ഹൈക്കോടതി
Kerala

ഓൺലൈൻ വിദ്യാഭ്യാസം പഠിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കരുതെന്ന് ഹൈക്കോടതി

Web Desk
|
31 Aug 2021 12:05 PM GMT

സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള ഏഴു വിദ്യാർഥികളാണ് പഠനസൗകര്യമില്ലെന്ന് അറിയിച്ച് കോടതിയെ സമീപിച്ചത്.

ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പേരിൽ വിദ്യാർഥികൾക്ക് പഠനം നിഷേധിക്കപ്പെടരുതെന്ന് ഹൈക്കോടതി. പഠന സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ വെബ്സൈറ്റ് വേണം. വിഷയത്തിൽ സർക്കാർ മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു

ഇന്‍റര്‍നെറ്റ് സൗ​കര്യമില്ലാത്തതിനാൽ പഠനം മുടങ്ങുന്നതായി അറിയിച്ചുകൊണ്ട് ഏഴു വിദ്യാർഥികാളാണ് കോടതിയെ സമീപിച്ചത്. ഇന്റർനെറ്റ് ഇല്ലാത്തതിനാൽ തങ്ങളുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നതായും കുട്ടികൾ കോടതിയെ അറിയിച്ചു. ഇതിനെ തുടർന്നാണ് വിഷയത്തിൽ കോടതി ഇടപെട്ടത്.

പഠനസൗകര്യമില്ലാത്തവരുടെ കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ഹൈകോടതി നിർദേശിച്ചത്. സ്മാർട്ട് ഫോണും കമ്പ്യൂട്ടറും ഇല്ലാത്തതിനാൽ കുട്ടികളുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കരുത്. പഠന സൗകര്യമില്ലാത്ത കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ വെബ്സൈറ്റ് തയ്യാറാക്കണമെന്നും കോടതി നിർദേശിച്ചു.

വെബ്സൈറ്റ് ഉണ്ടായിരിക്കുന്നത് കുട്ടികൾക്കും സ്കൂളിനും സൗകര്യപ്രദമായിരിക്കും. വിഷയത്തിൽ സർക്കാരിന്റെ മറുപടി ലഭ്യമാക്കാനും കോടതി നിർദേശിച്ചു. ചീഫ് സെക്രട്ടറി, വിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്കാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്.

കേസ് അടുത്തയാഴ്ച കോടതി വീണ്ടും പരി​ഗണിക്കുമ്പോൾ സർക്കാർ മറുപടി നൽകണം. സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള ഏഴു വിദ്യാർഥികളാണ് സൗകര്യമില്ലാത്തതിനാല്‍ പഠനം മുടങ്ങുന്നതായി അറിയിച്ച് കോടതിയെ സമീപിച്ചത്.

Similar Posts