ലിങ്കിൽ ക്ലിക്ക് ചെയ്തതിന് യുവതിക്ക് നിരന്തര ഭീഷണി; പരാതി സ്വീകരിക്കാതെ പൊലീസ്
|സിബിൽ സ്കോർ കൂടാനുള്ള വഴി കണ്ടെത്തി നൽകാം എന്ന വാഗ്ദാനത്തിൽ വിശ്വസിച്ചാണ് യുവതി ലിങ്കിൽ ക്ലിക്ക് ചെയ്തത്.
കൊച്ചി: ഓൺലൈൻ തട്ടിപ്പ് വായ്പാ ആപ്പ് കൂടാതെ മറ്റ് പലവിധത്തിലും. സിബിൽ സ്കോർ ശരിയാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്യുന്ന ഒരു ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് എറണാകുളം സ്വദേശിനിയായ യുവതിക്ക് വിനയായത്. മാസങ്ങളായി അശ്ലീല ദൃശ്യങ്ങളയച്ച് സംഘം ഭീഷണിപ്പെടുത്തുകയാണ്. പൊലീസാകട്ടെ, പരാതി സ്വീകരിക്കാൻ പോലും തയ്യാറാവുന്നില്ല.
സിബിൽ സ്കോർ കൂടാനുള്ള വഴി കണ്ടെത്തി നൽകാം എന്ന വാഗ്ദാനത്തിൽ വിശ്വസിച്ചാണ് യുവതി ലിങ്കിൽ ക്ലിക്ക് ചെയ്തത്. എന്നാൽ പിന്നാലെയെത്തിയത് ഭീഷണി സന്ദേശങ്ങളും അശ്ലീല ചിത്രങ്ങളുമായിരുന്നു. മൊബൈലിലുള്ള നമ്പറുകൾ മുഴുവൻ തട്ടിപ്പുകാരുടെ കൈയിലെത്തി. ആവശ്യപ്പെട്ട പണം കൈമാറിയില്ലെങ്കിൽ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.
ഭീഷണിയിൽ മനംനൊന്ത് ജീവിതം അവസാനിപ്പിക്കാതിരുന്നത് കുടുംബം കൂടെ നിന്നതു കൊണ്ടുമാത്രമാണെന്ന് യുവതി പറയുന്നു. പൊലീസിൽ പരാതി നൽകാൻ എത്തിയെങ്കിലും സ്ഥിരം സംഭവം ആണെന്നായിരുന്നു മറുപടി. പരാതി എഴുതി വാങ്ങാൻ പോലും തയ്യാറായില്ല. നമ്പർ ബ്ലോക്ക് ചെയ്താൽ മതിയെന്ന ഉപദേശവും.
സൈബർ തട്ടിപ്പുകൾ വ്യാപിക്കുമ്പോൾ ഇരയാക്കപ്പെടുന്ന ഭൂരിഭാഗംപേരും സ്ത്രീകളാണ്. മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിക്കുമ്പോൾ സമൂഹം എങ്ങനെ പ്രതികരിക്കുമെന്നാണ് പലരുടേയും ഭയം. എന്നാൽ ഈ ചിന്താഗതി മാറുകയും ഒപ്പം നിയമങ്ങൾ ശക്തമാവുകയും ചെയ്തെങ്കിൽ മാത്രമേ ഇത്തരം പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാകൂ എന്നാണ് വിദഗ്ധർ പറയുന്നത്.