ഡിജിപി അനില്‍ കാന്തിന്റെ പേരിൽ വാട്സ് ആപ്പ് സന്ദേശം; യുവതിയുടെ കയ്യില്‍ നിന്ന് തട്ടിയത് 14 ലക്ഷം
|ഓൺ ലൈൻ ലോട്ടറി അടിച്ചെന്ന് പറഞ്ഞ് വാട്സ് ആപ്പ് സന്ദേശമയച്ചാണ് പണം തട്ടിയത്
ഡിജിപി അനില്‍ കാന്തിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്. ഡി.ജി.പിയുടെ പേരില്‍ വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കിയാണ് പണം തട്ടിയത്. കൊല്ലം സ്വദേശിനിയായ അധ്യാപികയുടെ കൈയിൽ നിന്ന് 14 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഓൺ ലൈൻ ലോട്ടറി അടിച്ചെന്ന് പറഞ്ഞ് വ്യാജ വാട്സ് ആപ്പ് സന്ദേശമയക്കുകയായിരുന്നു. ഉത്തരേന്ത്യൻ സംഘങ്ങളിൽ പെട്ടവരാണ് തട്ടിപ്പിന് പിന്നിലെന്നാണ് സൂചന.
ഓൺലൈൻ ലോട്ടറി അടിച്ചു എന്ന പേരിൽ രണ്ട് ദിവസം മുമ്പാണ് അധ്യാപികക്ക് സന്ദേശം ലഭിച്ചത്. ഈ തുക ലഭിക്കണമെങ്കിൽ നികുതിപ്പണമായി 14 ലക്ഷം രൂപ അടക്കണമെന്നാണ് സന്ദേശത്തിൽ പറഞ്ഞിരുന്നത്. സംശയം തോന്നിയ അധ്യാപികക്ക് ഡി.ജി.പി അനില്‍കാന്തിന്റേത് എന്നപേരില്‍ ഒരു വാട്സ് ആപ്പ് നമ്പര്‍ സംഘം കൈമാറി. ശേഷം ആ നമ്പറിലേക്ക് വിളിച്ച അധ്യാപികയെ വിശ്വസിപ്പിച്ചാണ് സംഘം പണം തട്ടിയത്. ഓൺലൈൻ വഴിയാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തത്. ഡി.ജി.പി അനില്‍ കാന്താണെന്ന് വിശ്വസിച്ചത് കൊണ്ടാണ് പണം അയച്ചതെന്ന് അധ്യാപിക പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.