സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്
|തട്ടിപ്പിനു പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്
കോട്ടയം: സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ ഓൺലൈൻ വഴി പണം തട്ടിയെടുക്കാൻ ശ്രമം. ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കാനാണ് നീക്കം. തട്ടിപ്പ് തിരിച്ചറിഞ്ഞ ആലപ്പുഴ ഈര സ്വദേശി അജയ കുമാർ സൈബർ പൊലീസിൽ പരാതി നൽകി.
കഴിഞ്ഞദിവസമാണ് അജയകുമാറിന് വാട്സാപ്പിൽ ഒരു സന്ദേശം ലഭിച്ചത്. സംസ്ഥാന ഭാഗ്യക്കുറി ഓൺലൈനായി നറുക്കെടുക്കുന്നുണ്ടെന്നും 40 രൂപ മുടക്കിയാൽ ആർക്കും ടിക്കറ്റുകൾ സ്വന്തമാക്കാം എന്നുമായിരുന്നു സന്ദേശം. ടിക്കറ്റെടുത്ത ശേഷം അവർ നൽകിയ ലിങ്കിൽ കയറി നോക്കിയപ്പോൾ ടിക്കറ്റിന് 5ലക്ഷം രൂപ സമ്മാനമെന്ന് അറിഞ്ഞു. എന്നാൽ ജിഎസ്ടി ഇനത്തിൽ 6200 രൂപ അവർ പറയുന്ന അക്കൗണ്ടിലേക്ക് അയച്ചു നൽകണമെന്നാണ് പറഞ്ഞതോടെ തട്ടിപ്പാണെന്ന് മനസിലാക്കുകയായിരുന്നു.
സൈബർ പോലീസിൽ പരാതി നൽകിയ ശേഷവും സംഘം പണം ആവശ്യപ്പെട്ട് ഫോൺ വിളികൾ വരുന്നുണ്ട്. തട്ടിപ്പിനു പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ് .