Kerala
കിട്ടിയത് അഖിൽ മാത്യുവിന്റെ പരാതി മാത്രം; ആരോഗ്യമന്ത്രിയുടെ വാദം തള്ളി കമ്മീഷണര്‍
Kerala

'കിട്ടിയത് അഖിൽ മാത്യുവിന്റെ പരാതി മാത്രം'; ആരോഗ്യമന്ത്രിയുടെ വാദം തള്ളി കമ്മീഷണര്‍

Web Desk
|
28 Sep 2023 10:37 AM GMT

ഈ മാസം 23ന് ഹരിദാസിന്റെ പരാതി പൊലീസിന് കൈമാറിയെന്നായിരുന്നു ആരോഗ്യമന്ത്രി പറഞ്ഞത്

തിരുവനന്തപുരം: ജോലിവാഗ്ദാനം നൽകി കോഴ വാങ്ങിയെന്ന മലപ്പുറം സ്വദേശിയുടെ ആരോപണത്തിൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ വാദം തള്ളി പൊലീസ്. പൊലീസിന് ലഭിച്ചത് മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യുവിന്റെ പരാതി മാത്രമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു പറഞ്ഞു.

ഈ മാസം 26 ന് ഡി.ജി.പിക്ക് ലഭിച്ച പരാതിയാണ് ഇന്നലെ ലഭിച്ചത്. ഇ.മെയിൽ വഴിയാണ് പരാതി കിട്ടിയത്. പരാതി ലഭിച്ച ഇന്നലെത്തന്നെ അഖിൽ മാത്യുവിന്റെ മൊഴിയെടുത്തു.ഹരിദാസന്റെ മൊഴിയെടുക്കാൻ പൊലീസ് സംഘം ഇന്ന് മലപ്പുറത്തേക്ക് തിരിച്ചെന്നും കമ്മീഷണർ വ്യക്തമാക്കി അഖിൽ മാത്യുവിനെതിരായ ഹരിദാസന്റെ പരാതി ഡിജിപിക്ക് ഈ മാസം 23ന് കൈമാറിയിട്ടുണ്ടെന്നായിരുന്നു മന്ത്രി ഇന്നലെ പറഞ്ഞത്.

അതേസമയം, ഹരിദാസ് പണം നൽകിയെന്ന് പറയുന്ന ഏപ്രിൽ പത്തിന് അഖിൽ മാത്യു പത്തനംതിട്ടയിലായിരുന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ബന്ധുവിന്റെ വിവാഹത്തിൽ അഖിൽ മാത്യു പങ്കെടുക്കുന്ന ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. ഇതേ ദിവസം അഖിൽ മാത്യുവിന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് മുന്നിൽ വച്ച് ഒരു ലക്ഷം രൂപ കൊടുത്തു എന്നാണ് ഹരിദാസ് ആരോപിച്ചത്.

എന്നാല്‍ അഖിൽ മാത്യുവിനെതിരായ പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് പരാതിക്കാരൻ ഹരിദാസ് പറയുന്നു. അഖിലിന് സെക്രട്ടറിയേറ്റ് മുന്നിൽ വച്ച് പണം നൽകിയിട്ടുണ്ടെന്നും ഹരിദാസ് മീഡിയവണിനോട് പറഞ്ഞു.


Similar Posts