കുഞ്ഞൂഞ്ഞിന്റെ രണ്ടുവരി പ്രേമലേഖനവും മറിയാമ്മയുടെ ആശങ്കയും
|തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ പുതുപ്പെണ്ണിനെ പഴിക്കുമോ എന്ന് മറിയാമ്മ ചിന്തിച്ചിരുന്നു.
1977, ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ നിന്ന് രണ്ടാംവട്ടം ജനവിധിതേടുന്ന കാലം. ആലപ്പുഴ കരുവാറ്റ സ്വദേശിയായിരുന്ന ബാങ്ക് ഉദ്യോഗസ്ഥ മറിയാമ്മയുമായുള്ള വിവാഹം നിശ്ചയിക്കുന്നതും അതേ വർഷമാണ്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ പുതുപ്പെണ്ണിനെ പഴിക്കുമോ എന്ന് മറിയാമ്മ ആശങ്കപ്പെട്ടിരുന്നു. നിന്റെ ചെറുക്കൻ ജയിക്കാൻ പ്രാർഥിക്കെന്ന ബന്ധുക്കളുടെ ഉപദേശം വേറെയും.
വിവാഹം നിശ്ചയിച്ച ശേഷം ഉമ്മൻചാണ്ടിയുടെ ഒരു കത്ത് മറിയാമ്മയ്ക്ക് കിട്ടി. നീട്ടിപ്പരത്തിയ വാഗ്ദാനങ്ങളോ നിറം പിടിപ്പിച്ച സ്വപ്നങ്ങളോ സുന്ദരമായ ഭാവിജീവിതമോ ആ കത്തിൽ ഉണ്ടായിരുന്നില്ല. രണ്ടേ രണ്ട് വാചകം മാത്രം. ‘ഇത് തെരഞ്ഞെടുപ്പ് സമയമാണ്, പ്രാർഥനയിൽ എന്നെ ഉൾപ്പെടുത്തുക’. ആകാംക്ഷയോടെ കാത്തിരുന്ന നവവധുവിനോട് ഉമ്മൻചാണ്ടിക്ക് പറയാനുണ്ടായിരുന്നത് അത് മാത്രമായിരുന്നു. ദീർഘമായ പ്രേമലേഖനങ്ങള്‍ അങ്ങോട്ട് അയച്ചിരുന്നെങ്കിലും പലപ്പോഴും ഒറ്റവരിയിലായിരുന്നു മറുപടിയെന്നും മറിയാമ്മ പലപ്പോഴും പരാതിപ്പെട്ടിട്ടുണ്ട്.
വരന്റെ തിരക്കുകൾ കാരണം നിശ്ചയിച്ച് ഏറെ നാളുകള്‍ക്ക് ശേഷമായിരുന്നു അവരുടെ വിവാഹം. കല്യാണം നടന്നേക്കില്ല എന്നുവരെ ചിലർ അടക്കം പറഞ്ഞുതുടങ്ങിയെങ്കിലും 1977 മെയ് 30 ന് ഇരുവരും ഒന്നിച്ചു.
രാഷ്ട്രീയത്തെക്കുറിച്ച് വലിയ പിടിയില്ലാത്ത മറിയാമ്മ മന്ത്രിയുടെ ഭാര്യയായാണ് പുതുപ്പള്ളിയിലെത്തുന്നത്. അന്നുതൊട്ട് ഇന്നോളമുള്ള ജീവിതയാത്രയിൽ ഉമ്മൻചാണ്ടിക്ക് താങ്ങായി മറിയാമ്മ എന്നും കൂടെയുണ്ടായിരുന്നു. ഉമ്മൻചാണ്ടി ജനസേവനരംഗത്ത് സജീവമായിരുന്നപ്പോൾ കുടുംബത്തിന് ആശ്വാസമായി അവർ നിലകൊണ്ടു.
"അദ്ദേഹം അഹങ്കാരിയല്ല, ഒന്നിലും നിയന്ത്രിക്കാൻ ശ്രമിക്കില്ല, അപൂർവ്വമായേ ദേഷ്യപ്പെടൂ. എല്ലാത്തിലും പൂർണ സ്വാതന്ത്ര്യമുണ്ട്. വ്യക്തിയുടെ ബാഹ്യ രൂപമോ നന്നായി വസ്ത്രം ധരിച്ച പങ്കാളിയോ അദ്ദേഹത്തിന്റെ ശ്രദ്ധ ആകർഷിക്കില്ല. ജനങ്ങളോടും നിയോജക മണ്ഡലത്തോടുമാണ് അദ്ദേഹത്തിന് കൂടുതൽ ശ്രദ്ധ" ഉമ്മൻചാണ്ടിയെക്കുറിച്ച് മറിയാമ്മയുടെ വാക്കുകളാണിവ.