പാമോലിന്‍, സോളാർ...ഒന്നിന് പിറകെ ഒന്നായി കേസുകൾ; ഒരിക്കൽപോലും കുലുങ്ങാതെ ഉമ്മൻചാണ്ടി
|ഏറെ വിവാദങ്ങളും കോളിളക്കവും സൃഷ്ടിച്ച സോളാർകേസിൽ ഒമ്പത് വർഷങ്ങൾക്ക് ശേഷമായിരുന്നു ക്ലീൻചിറ്റ് ലഭിച്ചത്
വിവാദങ്ങളോട് എന്നും നോ പറഞ്ഞിരുന്ന നേതാവായിരുന്നു അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എല്ലാ രാഷ്ട്രീയ നേതാക്കളുടെയും പോലെ നിരവധി കേസുകളും ആരോപണങ്ങളും ഉമ്മൻചാണ്ടിക്ക് നേരെ ഉയര്‍ന്നുവന്നിരുന്നു. അവയില്‍ പലതും കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചു.
പ്രതിപക്ഷത്തിന്റെ സമരവേലിയേറ്റത്തിന് മുന്നിൽ ഭരണം ആടിയുലഞ്ഞെങ്കിലും ഭരണനായകൻ ഉലയാതെ നിന്നു. അഗ്നിശുദ്ധി തെളിയിക്കാൻ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന് മുന്നിൽ മണിക്കൂറുകളോളം മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഇരുന്നു. ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു കേസായിരുന്നു സോളാര്‍കേസ്. പക്ഷേ എല്ലായ്പ്പോഴും പോലെ ഉമ്മൻചാണ്ടി കുലുങ്ങിയില്ല. കേസ് കേസിന്റെ വഴിക്ക് നടക്കട്ടെയെന്ന നിലപാട് അദ്ദേഹം സ്വീകരിച്ചു. തെറ്റ് ചെയ്യാത്തവർ എന്തിന് ഭയപ്പെടണം എന്നായിരുന്നു ഉമ്മൻചാണ്ടിയുടെ ലൈൻ. അദ്ദേഹത്തിന്റെ ആത്മവിശ്വാസം പോലെ ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ച സോളാർക്കേസും പാറ്റൂർ ഭൂമിയിടപാടുമെല്ലാം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവുകളും വന്നു.
സോളാർ പീഡനക്കേസ്
2012 ആഗസ്റ്റ് 19 ന് ക്ലിഫ് ഹൗസിൽവെച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ മൊഴി. എന്നാൽ അന്നേദിവസം ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിലുണ്ടായിരുന്നു. എന്നിട്ടും ആ കേസ് വർഷങ്ങളോളം നീണ്ടുപോയി. പ്രതിപക്ഷം വി സെക്രട്ടേറിയേറ്റ് വളഞ്ഞപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാനും അതേ കമ്മീഷന് മുന്നില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ 14 മണിക്കൂര്‍ ഇരുന്ന് ചോദ്യങ്ങളെ നേരിടാനും ഉമ്മന്‍ചാണ്ടി ഒരു മടിയും കാണിച്ചിരുന്നില്ല.
ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു ഉമ്മൻചാണ്ടിക്കെതിരെ കേസെടുത്തിരുന്നത്. രണ്ടരവർഷം അന്വേഷിച്ചിട്ടും കേസ് എങ്ങുമെത്തിയില്ല. ആറ് എഫ്.ഐ.ആറുകളായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്. തുടർന്ന് സി.ബി.ഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു.
എന്നാൽ ഒമ്പത് വർഷങ്ങൾക്ക് ശേഷം 2022 ഡിസംബർ 28 ന് ഉമ്മൻചാണ്ടിക്കെതിരെ തെളിവില്ലെന്ന് കാണിച്ച് സി.ബി.ഐ ക്ലീൻ ചിറ്റ് നൽകി.ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിൽ വെച്ച് പീഡിപ്പിച്ചെന്ന് പറയുന്ന ദിവസം അദ്ദേഹം ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നില്ലെന്നും സിബിഐ നൽകിയ റിപ്പോർട്ടിലുണ്ടായിരുന്നു. സോളാർ കേസിൽ ആരോപണ വിധേയരായ ഹൈബി ഈഡൻ,അടൂർ പ്രകാശ്,അനിൽകുമാർ,കെ.സി വേണുഗോപാൽ,അബ്ദുള്ളക്കുട്ടി എന്നിവർക്കും സി.ബി.ഐ ക്ലീൻചിറ്റ് നൽകിയിരുന്നു.
പാറ്റൂർ ഭൂമി കേസ്
യു.ഡി.എഫ് സർക്കാറിന്റെ കാലത്തെ ഏറെ വിവാദമായിരുന്ന കേസുകളിലൊന്നാണ് പാറ്റൂർ ഭൂമി കേസ്. തിരുവനന്തപുരം പാറ്റൂരിൽ സർക്കാർ ഭൂമി കൈവശപ്പെടുത്താൻ ഫ്ളാറ്റ് കമ്പനിക്ക് കൂട്ടുനിൽക്കുകയും അതിന് വേണ്ടി ഗൂഢാലോചന നടത്തുകയും ചെയ്തുവെന്നായിരുന്നു ഉമ്മൻചാണ്ടിക്കെതിരായ കേസ്. 2018 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സർക്കാർ ഭൂമിയിലുള്ള സീവേജ് പൈപ്പ് ലൈൻ മാറ്റി സ്വകാര്യവ്യക്തിയെ സഹായിച്ചെന്നുമാണ് ആരോപണം. കേസിൽ നാലാമത്തെ പ്രതിയായിരുന്നു ഉമ്മൻചാണ്ടി. അഞ്ചുപ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. ഏറെക്കാലത്തിന് ശേഷം വിവാദമായ പാറ്റൂർ ഭൂമിയിടപാടുമായി ബന്ധപ്പെട്ടുള്ള കേസ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. ഉമ്മൻചാണ്ടി, മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷൺ അടക്കമുള്ളവർക്കെതിരെ വിജിലൻസ് എടുത്ത കേസ് നിലനിൽക്കില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
ടൈറ്റാനിയം അഴിമതിക്കേസ്
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് 120 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നായിരുന്നു ടൈറ്റാനിയം കേസിലെ ആരോപണം. ഉമ്മൻചാണ്ടിക്ക് പുറമെ രമേശ് ചെന്നിത്തല,മുൻ പൊതുമരാമത്ത് മന്ത്രിഇബ്രാഹിം കുഞ്ഞ് തുടങ്ങിയവർക്കെതിരെയും ആരോപണം ഉയർന്നിരുന്നു.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ടൈറ്റാനിയം കമ്പനിയിൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ഫിൻലാന്റ് കമ്പനിയായ ഇക്കോ പ്ലാനിങ്ങുമായി കരാർ ഒപ്പുവെച്ചിരിന്നു. 256 കോടിയുടെ കരാറിൽ 86 കോടിയുടെ അഴിമതി നടന്നുവെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ. കേസിൽ ഉമ്മൻചാണ്ടിയായിരുന്നു ഒന്നാം പ്രതി. വി.എസ് അച്യുതാനന്ദൻ സർക്കാറാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്.
പാമോലിന്‍ കേസ്
കേരള രാഷ്ട്രീയത്തിൽ ഏറെ കോൡക്കം സൃഷ്ടിച്ച മറ്റൊരു അഴിമതി ആരോപണമായിരുന്നു പാമോലിന്‍ കേസ്. കെ. കരുണാകരൻ മുഖ്യമന്ത്രി ആയിരുന്ന 1991-92-കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പവർ ആൻഡ് എനർജി ലിമിറ്റഡ് എന്ന മലേഷ്യൻ കമ്പനിയിൽ നിന്ന് ഒരു സിംഗപ്പൂർ കമ്പനിയെ ഇടനിലക്കാരനാക്കി പാമോലിന്‍ ഇറക്കുമതി ചെയ്തതിൽ അഴിമതികൾ ഉണ്ടെന്നായിരുന്നു ആരോപണം.
അന്താരാഷ്ട്ര മാർക്കറ്റിൽ പാമോയിലിന്റെ വില ടണ്ണിനു 392.25 ഡോളറായിരുന്ന അക്കാലത്ത് ടണ്ണിനു 405 ഡോളർ എന്ന നിരക്കിൽ 15,000 ടൺ പാമോയിൽ ഇറക്കുമതി ചെയ്യാനുള്ള ഓർഡർ പുറപ്പെടുവിക്കുകയായിരുന്നു. ഈ ഓർഡർ അന്നത്തെ ക്യാബിനറ്റിന്റെ അംഗീകാരത്തോടുകൂടി കൂടി പുറപ്പെടുവിച്ചതാണെന്നതാണ് കേസിലെ പ്രധാന ആരോപണം. അന്നത്തെ മന്ത്രസഭയിലെ ധനമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി കേസിലെ 23ാം സാക്ഷിയായിരുന്നു.ഉമ്മൻചാണ്ടിയെ ഒഴിവാക്കി തന്നെ പ്രതിയാക്കിയത് അനീതിയാണെന്ന കേസിലെ രണ്ടാം പ്രതി ടി.എച്ച് മുസ്തഫയുടെ വാദം വഴിത്തിരിവായി. ഇടപാടിൽ ഉമ്മൻചാണ്ടിയുടെ പങ്കിനെക്കുറിച്ച് തുടരന്വേഷണം നടത്താൻ 2011 ൽ പ്രത്യേക കോടതി ഉത്തരവിട്ടു.ഇതോടെ ഉമ്മൻചാണ്ടിക്ക് വിജിലൻസ് വകുപ്പിന്റെ ചുമതല ഒഴിയേണ്ടി വന്നു. എന്നാൽ കേസിൽ ഉമ്മൻചാണ്ടിക്ക് പങ്കില്ലെന്നായിരുന്നു അന്വേഷണറിപ്പോർട്ട്.