Kerala
Oommen Chandy budget presentation and daughter Achu Oommen accident, Oommen Chandy budget presentation, Oommen Chandy daughter accident, Achu Oommen, Oommen Chandy
Kerala

കൺമുന്നിൽ സ്‌കൂട്ടർ മകളെ ഇടിച്ചുതെറിപ്പിച്ചു; ബജറ്റ് അവതരിപ്പിക്കാൻ ഉമ്മൻചാണ്ടി നിയമസഭയിലേക്ക്

Web Desk
|
18 July 2023 6:56 AM GMT

''അപ്പ ധർമസങ്കടത്തിലായിരുന്നു അപ്പോൾ; എന്നെ ആശുപത്രിയിൽ കൊണ്ടുപോകണോ, നിയമസഭയിൽ പോകണോ.. ബജറ്റ് കൃത്യസമയത്ത് അവതരിപ്പിക്കണമല്ലോ.. ഇല്ലെങ്കിലുള്ള പ്രശ്‌നങ്ങൾ അറിയാമല്ലോ..''

കോഴിക്കോട്: ചെറിയ മകൾ കൺമുന്നിൽവച്ച് അപകടത്തിൽപെട്ടിട്ടും നേരെ ബജറ്റ് അവതരിപ്പിക്കാനായി നിയമസഭയിലേക്ക് പോകേണ്ടിവന്ന വേദനിക്കുന്ന അനുഭവവും ഉമ്മൻചാണ്ടിക്കുണ്ടായിട്ടുണ്ട്. 1991-1995 കാലത്ത് കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്നു അന്ന് ഉമ്മൻചാണ്ടി. മകൾ അച്ചു ഉമ്മൻ എട്ടാം ക്ലാസിലും.

രാവിലെ ബജറ്റ് അവതരിപ്പിക്കാൻ വേണ്ടിൽ വീട്ടിൽനിന്ന് ഇറങ്ങുമ്പോഴാണ് കൺമുന്നിൽ മകളെ സ്‌കൂട്ടർ ഇടിച്ചുതെറിപ്പിക്കുന്നത് കാണുന്നത്. ഓടിയെത്തി കാറിൽ കയറ്റി. ബജറ്റ് കൃത്യസമയത്ത് അവതരിപ്പിക്കേണ്ട ബാധ്യത തലക്കുള്ളിൽ. മകളുടെ അപകടനിലയുടെ വേദന ഹൃദയത്തിനകത്ത്. ധർമസങ്കടത്തിൽ ആശ്വാസമായത് മകൾ തന്നെ. 'അപ്പ'യോട് പോയി ബജറ്റ് അവതരിപ്പിച്ചുവരാൻ പറഞ്ഞു. തന്നെ ഡ്രൈവറും കൂടെയുള്ളവരും ആശുപത്രിയിലെത്തിച്ചോളുമെന്നും പറഞ്ഞു.

മകളുടെ വാക്കുകേട്ട ആശ്വാസത്തിൽ സെക്രട്ടറിയേറ്റ് നടയിലിറങ്ങി നിയമസഭയിലേക്ക് ഓടി ഉമ്മൻചാണ്ടി. ബജറ്റ് അവതരിപ്പിച്ച ശേഷം നേരെ മെഡിക്കൽ കോളജ് ആശുപത്രയിൽ മകളെ കാണാനും ഓടിയെത്തി. രണ്ടു വർഷം മുൻപ് നിയമസഭാ സാമാജികത്വത്തിന്റെ അരനൂറ്റാണ്ട് ആഘോഷവേളയിൽ അച്ചു ഉമ്മൻ 'മീഡിയവണി'നോട് വെളിപ്പെടുത്തിയ ആ സംഭവം ഇങ്ങനെയായിരുന്നു:

''അച്ഛൻ ധനകാര്യ മന്ത്രിയായ കാലം. ഞാൻ എട്ടാം ക്ലാസിൽ പഠിക്കുകയായിരുന്നു. അപ്പ ബജറ്റ് അവതരിപ്പിക്കാനായി ഇറങ്ങിയതായിരുന്നു. ഞാൻ റോഡ് മുറിച്ചുകടക്കുമ്പോൾ ഒരു സ്‌കൂട്ടർ എന്നെ ഇടിച്ചുതെറിപ്പിച്ചു. അപ്പ ഇതു നേരിട്ടു കണ്ടുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ഇറങ്ങിവന്ന് എന്നെ എടുത്തു കാറിൽ കയറ്റി. തലയ്ക്ക് അടിയേറ്റോ എന്ന് എന്നോട് ചോദിച്ചു.

എനിക്കറിയാം, അപ്പ ധർമസങ്കടത്തിലായിരുന്നു അപ്പോൾ. എന്നെ ആശുപത്രിയിൽ കൊണ്ടുപോകണോ, നിയമസഭയിൽ പോകണോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു. ബജറ്റ് കൃത്യസമയത്ത് അവതരിപ്പിക്കണമല്ലോ.. ഇല്ലെങ്കിലുള്ള പ്രശ്‌നങ്ങൾ അറിയാമല്ലോ..?

കാലിനു മാത്രമേ കുഴപ്പമുള്ളൂ, അപ്പ നിയമസഭയിൽ ഇറങ്ങിക്കൊള്ളൂ, കൂടെയുള്ളവർ എന്നെ കൊണ്ടുപോയ്‌ക്കൊള്ളുമെന്ന് ഞാൻ പറഞ്ഞു. അപ്പ എന്നിട്ട് സെക്രട്ടറിയേറ്റിന്റെ നടയിൽ ഇറങ്ങി. നിയമസഭാ മന്ദിരത്തിന്റെ അങ്ങോട്ടു പോകാൻ നിന്നില്ല. അപ്പ എന്നിട്ട് നിയമസഭയിൽ പോകുകയും കാർ ഡ്രൈവറും കൂടെയുണ്ടായിരുന്നവരും എന്നെ മെഡിക്കൽ കോളജിലെത്തിക്കുകയും ചെയ്തു. ബജറ്റ് അവതരിപ്പിച്ച ശേഷം പിന്നീട് അപ്പ എന്നെ വന്നു കാണുകയായിരുന്നു.''

മറ്റൊരവസരത്തിൽ വിദേശത്തുവച്ച് അച്ഛൻ അപകടത്തിൽപെട്ടപ്പോൾ കൂടെയുണ്ടായിരുന്ന ഓർമയും അച്ചു പങ്കുവച്ചു: ''ഒരിക്കൽ ഡാവോസിൽ വേൾഡ് എക്‌ണോമിക് ഫോറത്തിന് അപ്പയ്‌ക്കൊപ്പം പോയതായിരുന്നു. പഴയൊരു ഷൂവാണ് അപ്പ ധരിച്ചിരുന്നത്. തണുപ്പുകാലത്ത് ധരിക്കേണ്ട ഷൂവായിരുന്നില്ല അത്. ഷൂവിൽ ഇടാനുള്ള ഷൂബ്രേക്ക് സംഘാടകർ തന്നിരുന്നു.''

എന്നാൽ, ഞാനും സെക്രട്ടറിമാരും അക്കാര്യം മറന്നു. അങ്ങനെയാണ് അവിടെ തെന്നിവീണ്, തൊടയിൽ പൊട്ടി. അതേതുടർന്ന് ശസ്ത്രക്രിയ നടന്നു. കാലിന്റെ നീളം അര സെന്റി മീറ്റർ കുറയുകയും ചെയ്തു. പക്ഷെ, എന്തേ അതു മറന്നുവെന്നോ, എന്തുകൊണ്ട് ശ്രദ്ധിച്ചില്ല എന്നൊന്നും ഒരിക്കൽപോലും അതു പറഞ്ഞില്ല. പക്ഷെ, എന്റെ മനസിൽ ഇപ്പോഴും വേദനയാണത്.

ഓർമവച്ച കാലം മുതൽ തിരക്കിലായിരുന്നു അപ്പയെന്നും അച്ചു ഓർത്തെടുത്തു. കാണാൻ കിട്ടാറില്ല. എപ്പോഴും ആൾക്കൂട്ടത്തിന്റെ നടുവിലാകും. ഇടയ്ക്ക് ഞങ്ങളെ പുതുപ്പള്ളിയിൽ കൊണ്ടുപോകും. അപ്പോൾ കാറിൽ വച്ച് മാത്രമാണ് തങ്ങൾക്ക് ഇടവേളയില്ലാതെ സംസാരിക്കാൻ കിട്ടിയിരുന്നതെന്നും മകൾ വെളിപ്പെടുത്തി.

Summary: When daughter Achu Oommen was met with an accident, Oommen Chandy was on his way to present budget in the Kerala assembly

Similar Posts