Kerala
ജനകീയരാകാൻ ജനപ്രതിനിധികളെ പഠിപ്പിച്ച നേതാവ്; ഉമ്മൻ ചാണ്ടിക്ക് പകരക്കാരനില്ലെന്ന് വി.ഡി.സതീശൻ
Kerala

'ജനകീയരാകാൻ ജനപ്രതിനിധികളെ പഠിപ്പിച്ച നേതാവ്'; ഉമ്മൻ ചാണ്ടിക്ക് പകരക്കാരനില്ലെന്ന് വി.ഡി.സതീശൻ

Web Desk
|
24 July 2023 12:08 PM GMT

യു.ഡി.എഫ് കണ്‍വീനർ എം.എം.ഹസൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു

തിരുവനന്തപുരം: ജനകീയരാകാൻ ജനപ്രതിനിധികളെ പഠിപ്പിച്ച നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സാധാരണക്കാരന്റെ ഹൃദയം തുറന്ന് കയറാൻ കഴിവുള്ളയാളാണ് ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടിക്ക് പകരക്കാരനില്ലെന്നും ആ ശൂന്യത ഇല്ലാതാക്കാൻ കഴിയില്ലെന്നും കെ.പി.സി.സിയുടെ അനുസ്മരണ സമ്മേളനത്തിൽ വി.ഡി.സതീശൻ പറഞ്ഞു.

തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ യു.ഡി.എഫ് കണ്‍വീനർ എം.എം.ഹസൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. നെഞ്ചുലച്ച അഗ്നിപരീക്ഷകളെ അതിജീവിച്ച നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് എം.എം.ഹസൻ പറഞ്ഞു. ഓരോർത്തർക്കും ഓരോ അനുഭവങ്ങൾ ഉമ്മൻ ചാണ്ടിയെ സംബന്ധിച്ച് ഉണ്ടെന്ന് മുസ്‍ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വിഭാഗീയതയുടെ കാലത്ത് ഒന്നിച്ച് നിർത്താനുള്ള മന്ത്രമായിരുന്നു ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏത് പ്രശ്നത്തിനും ഉമ്മൻ ചാണ്ടിയുടെ കയ്യിൽ പരിഹാരം ഉണ്ടായിരുന്നെന്നും സമാനകളില്ലാത്ത യാത്രയയപ്പാണ് ഉമ്മൻ ചാണ്ടിക്ക് ലഭിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വെട്ടിപ്പിടിക്കുന്നതിനേക്കാൾ വിട്ട് കൊടുക്കുന്നതിനാണ് ഉമ്മൻ ചാണ്ടി പ്രാധാന്യം നൽകിയതെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ വ്യക്തമാക്കി. വന്യമായ ആരോപണങ്ങളാണ് ഉമ്മൻ ചാണ്ടിക്ക് നേരിടേണ്ടി വന്നത്, എന്നാൽ കല്ലെറിഞ്ഞവരോട് പോലും ക്ഷമിച്ച നേതാവാണ് ഉമ്മൻ ചാണ്ടിയെന്നും സുധാകരൻ പറഞ്ഞു.

Similar Posts