കുടുംബത്തിനെതിരെ ഉയർന്ന വിവാദങ്ങൾ നിഷേധിച്ച് ഉമ്മൻ ചാണ്ടി
|ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനം ഇല്ലാത്തതാണെന്നും നിംസ് ആശുപത്രിയിൽ മെച്ചപ്പെട്ട ചികിത്സ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: മുൻമുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനെതിരെ ഉയർന്ന വിവാദങ്ങൾ നിഷേധിച്ച് ഉമ്മൻ ചാണ്ടി. ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനം ഇല്ലാത്തതാണെന്നും നിംസ് ആശുപത്രിയിൽ മെച്ചപ്പെട്ട ചികിത്സ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
ന്യൂമോണിയയെ തുടർന്ന് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉമ്മൻചാണ്ടിയെ ഇന്ന് ബംഗളൂരുവിലേക്ക് കൊണ്ടുപോകും. അർബുദ രോഗവുമായി ബന്ധപ്പെട്ട തുടർ ചികിത്സയ്ക്ക് വേണ്ടിയാണ് എച്ച്.സി.ജി ആശുപത്രിയിലേക്ക് മാറ്റുന്നത്. എ.ഐ.സി.സി സജ്ജമാക്കിയ ചാർട്ടേഡ് വിമാനത്തിലാകും ബംഗളൂരുവിലേക്ക് കൊണ്ടുപോകുക.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉമ്മന്‍ചാണ്ടിയെ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് കെ.സി വേണുഗോപാല്‍ ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് ചാർട്ടേഡ് വിമാനത്തിൽ ഉമ്മൻചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റാനാണ് തീരുമാനം. തുടർ ചികിത്സയുടെ മുഴുവൻ ചെലവും കോൺഗ്രസ് നേതൃത്വം ഏറ്റെടുക്കും. നിംസിലെ ഡോക്ടർമാരുടെ സംഘവും എച്ച്.സി.ജിയിലേക്ക് പോകും.
അതേസമയം ഉമ്മൻചാണ്ടിയുടെ ആരോഗ്യ നിലയെപ്പറ്റി ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നുവെന്ന് മകന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്നത് തെറ്റായ പ്രചാരണമാണ്. ബംഗളൂരുവിലെ എച്ച്.സി.ജി ആശുപത്രിയുടെ പേരിൽ വ്യാജരേഖ ഉണ്ടാക്കി. ഇതേക്കുറിച്ച് മുഖ്യമന്ത്രി ഇടപെട്ട് അന്വേഷണം പ്രഖ്യാപിക്കണമെന്ന് ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു.