വിലാപയാത്ര കൊല്ലത്ത്: നിലമേലിൽ വൻ ജനാവലി
|ഒമ്പത് മണിക്കൂറിലേറെ സമയമെടുത്താണ് വിലാപയാത്ര തിരുവനന്തപുരത്ത് നിന്ന് കൊല്ലം ജില്ലയിലെത്തിയത്.
കൊല്ലം: മുതിർന്ന കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊല്ലത്തെത്തി. നിലമേലിൽ വൻ ജനക്കൂട്ടമാണ് പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കുകാണാൻ തടിച്ചുകൂടിയിരിക്കുന്നത്. ഒമ്പത് മണിക്കൂറിലേറെ സമയമെടുത്താണ് വിലാപയാത്ര തിരുവനന്തപുരത്ത് നിന്ന് കൊല്ലം ജില്ലയിലെത്തിയത്. വൻ ജനാവലി കണക്കിലെടുത്ത് ഒരു ഭാഗത്തെ ഗതാഗതം പൊലീസ് പൂർണമായും നിയന്ത്രിച്ചു.
ഉമ്മൻചാണ്ടിയുടെ സംസ്കാരം നടക്കുന്ന കോട്ടയത്ത് സുരക്ഷക്കായി 2000 പൊലീസുകാരെ നിയോഗിച്ചു. ഇന്നും നാളെയുമായാണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. മൂന്ന് എസ്.പി,16 ഡി.വൈ.എസ്.പി, 32 സി.ഐമാരും നേതൃത്വം നൽകും. കോട്ടയത്ത് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
മൃതദേഹം ഏഴുമണിയോടെ കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിനുവെക്കും. രാത്രിയിലാണ് മൃതദേഹം പുതുപ്പള്ളിയിലെ കുടുംബവീട്ടിലെത്തിക്കുക. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വിലാപയാത്രയായി മൃതദേഹം പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിലേക്ക് കൊണ്ടുപോകും. മൂന്ന് മണിയോടെയാകും സംസ്കാര ചടങ്ങുകൾ ആരംഭിക്കുക.
ഉമ്മൻചാണ്ടിയുടെ അന്ത്യാഭിലാഷ പ്രകാരം ഔദ്യോഗിക ബഹുമതികൾ ഒന്നുമില്ലാതെയാകും സംസ്കാരം നടക്കുക. കുടുംബം ഇക്കാര്യം സർക്കാറിനെ രേഖാമൂലം അറിയിച്ചു. ഉമ്മൻചാണ്ടിയുടെ ആഗ്രഹ പ്രകാരമാണ് ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന് വെച്ചതെന്ന് മകൻ ചാണ്ടി ഉമ്മൻ മീഡിയവണിനോട് പറഞ്ഞു.