കാക്കി നിക്കറും നീണ്ട തൊപ്പിയും; മലയാളിയുടെ മനസിൽ നിന്ന് ഉമ്മൻചാണ്ടി മായ്ച്ചു കളഞ്ഞ പൊലീസ് യൂണിഫോം
|കേരള രാഷ്ട്രീയത്തിൽ സകല മേഖലകളിലും തന്‍റേതായ കൈയ്യൊപ്പ് പതിപ്പിച്ചാണ് ഉമ്മൻചാണ്ടിയുടെ മടക്കം
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ സകല മേഖലകളിലും തന്‍റേതായ കൈയ്യൊപ്പ് പതിപ്പിച്ചാണ് ഉമ്മൻചാണ്ടിയുടെ മടക്കം. മന്ത്രിയായും പ്രതിപക്ഷനേതാവായും യുഡിഎഫ് കൺവീനറായുമൊക്കെ യു.ഡി.എഫ് രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നതിലും ചലിപ്പിക്കുന്നതിലും ഉമ്മൻചാണ്ടിയുടെ പാടവം അസാധ്യമായിരുന്നു.
പാവാടയെപ്പോലെയുള്ള കാക്കി നിക്കറും കുന്തം പോലെയുള്ള നീണ്ട തൊപ്പിയും ഒക്കെയായിരിന്നു ഒരുകാലത്ത് കേരള പൊലീസിൻറെ യൂണിഫോം. ആ ചിത്രം മലയാളി മനസിൽ നിന്ന് മായ്ച്ചത് ഉമ്മൻചാണ്ടി എന്ന ആഭ്യന്തര മന്ത്രിയുടെ ഭരണപരിഷ്‌കാരമായിരിന്നു. 1981 ൽ കോൺഗ്രസ് യു ഇടത് മുന്നണി വിട്ടപ്പോൾ കെ.കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രി ആയിരുന്നാണ് ഈ നിർണായക പരിഷ്‌കാരം നടപ്പിലാക്കിയത്.
അതിന് മുമ്പ് 77 ലും 78 ലും കരുണാകരൻ, എ.കെ ആൻറണി മന്ത്രിസഭകളിൽ തൊഴിൽ മന്ത്രിയുമായി. അന്നാണ് കേരളത്തിൽ പുതിയ വിപ്ലവം തീർത്ത് തൊഴിലില്ലായ്മ വേതനം നടപ്പാക്കിയത്. പിന്നീട് 91 ൽ കരുണാകരൻ മന്ത്രിസഭയിൽ ഉമ്മൻചാണ്ടി ധനമന്ത്രി ആയിരുന്ന കാലത്ത് ഒഴിഞ്ഞ ഖജനാവ് ആയിരിന്നു കേരളത്തിന്‍റേത്. പക്ഷേ അപ്പോഴും ധനമന്ത്രിയുടെ ഓഫീസ് ആൾക്കൂട്ടം നിറഞ്ഞു നിന്നു.
92 ജൂണിൽ കെ.കരുണാകരൻ കാറപകടത്തിൽപ്പെട്ടു. സഭ നേതാവിന്റെ സ്ഥാനം ഉമ്മൻചാണ്ടിക്കായിരുന്നു. പക്ഷേ, അമേരിക്കയിലേക്ക് ചികിത്സക്ക് പോകും മുമ്പ് മുഖ്യമന്ത്രിയുടെ ചുമതല കരുണാകരൻ നൽകിയത് സി.വി പദ്മരാജനായിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഉമ്മന്ചാണ്ടി സഭ നേതാവിന്റെ സ്ഥാനം ഒഴിഞ്ഞു. ഇതിനിടയിൽ എൻ.ഡി.പി കേരള കോൺഗ്രസ്, മുസ്‍ലിം ലീഗ് പാർട്ടികളിൽ പിളർപ്പുണ്ടായി.
രാജ്യസഭാ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഉമ്മൻചാണ്ടി ധനമന്ത്രിസ്ഥാനം രാജിവെച്ചു. രണ്ട് തവണ മുന്നണി കൺവീനർ എന്ന കുപ്പായവും ഉമ്മൻചാണ്ടി ധരിച്ചു. 2006 ൽ വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയപ്പോൾ പ്രതിപക്ഷ നേതാവായും ഉമ്മൻചാണ്ടി തിളങ്ങി. അക്കാലത്ത് മൂന്നാർ, വയനാട് തുടങ്ങിയ കൈയ്യേറ്റ പ്രദേശങ്ങൾ സന്ദർശിച്ചു. പൊൻമുടി, എച്ച്.എം.ടി ഭൂമി ഇടപാടുകൾക്കെതിരെ പോരാടിയും പ്രതിപക്ഷത്തെ സമര സജ്ജമാക്കി. ചിക്കുൻഗുനിയ പടർന്ന്പിടിച്ചപ്പോൾ സെക്രട്ടറിയേറ്റിന് മുന്നിൽ 24 മണിക്കൂർ ഉപവാസ സമരവുമായും ഉമ്മൻചാണ്ടി എത്തിയിരുന്നു.