രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത സംഭവം; മുഖ്യമന്ത്രിയുടെ നിലപാട് സംശയകരമെന്ന് ഉമ്മന്‍ചാണ്ടി
|പൊലീസ് നോക്കിനില്‍ക്കെയാണു അക്രമം നടന്നതെന്നത് വളരെ ഗൗരവമേറിയ വിഷയമാണെന്നും ഉമ്മന്‍ ചാണ്ടി.
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് അടിച്ചുതകർത്ത സംഭവം ആസൂത്രിതമെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. കൃത്യമായ ആസൂത്രണത്തോടെയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസിനു നേരെ ആക്രമണം നടന്നത്. സംഭവസ്ഥലത്തു ഉണ്ടായിരുന്നിട്ടും പൊലീസ് കുറ്റകരമായ നിസ്സംഗതയാണ് കൈക്കൊണ്ടത്. പൊലീസ് നോക്കി നില്‍ക്കെയാണു അക്രമം നടന്നതെന്നത് വളരെ ഗൗരവമേറിയ വിഷയമാണ്. ഉമ്മന്‍ ചാണ്ടി പറഞ്ഞു.
എസ്.എഫ്.ഐ ക്രിമിനലുകള്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് സംശയകരമാണെന്നും ഫേസ്ബുക് കുറിപ്പിലൂടെ ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക് കുറിപ്പിന്‍റെ പൂര്‍ണരൂപം
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസ് എസ്എഫ്‌ഐ ക്രിമിനലുകള്‍ അടിച്ച് തകര്‍ത്ത സംഭവത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് സംശയകരമാണ്.
കൃത്യമായ ആസൂത്രണത്തോടെയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസിനു നേരെ ആക്രമണം നടന്നത്. സംഭവസ്ഥലത്തു ഉണ്ടായിരുന്നിട്ടും പോലീസ് കുറ്റകരമായ നിസ്സംഗതയാണ് കൈക്കൊണ്ടത്. പോലീസ് നോക്കി നില്‍ക്കെയാണു അക്രമം നടന്നതെന്നത് വളരെ ഗൗരവമേറിയ വിഷയമാണ്.
ബഫര്‍സോണ്‍ വിഷയത്തില്‍ എസ്.എഫ്.ഐ സമരം നടത്തേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്. പിണറായി സര്‍ക്കാരാണ് വന്യജീവിസങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ദൂരം ബഫര്‍ സോണാക്കണമെന്ന് 2019ല്‍ ശുപാര്‍ശ ചെയ്തത്.
എസ്എഫ്‌ഐ നടത്തിയ ആക്രമണത്തില്‍ സിപിഎം ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം. പ്രതികളെ അറസ്‌റ് ചെയ്യുകയും കുറ്റക്കാരായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനൊപ്പം വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണം.
അതേസമയം രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ എസ്.എഫ്.ഐ നടത്തിയ ആക്രമണത്തെ ശക്തമായ ഭാഷയില്‍ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ പ്രവണതയാണ് നടന്നതെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിതെന്നും എന്നാല്‍ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിനു നേരെ ഉണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
എസ്.എഫ്.ഐയുടെ സമരത്തെ തള്ളിപ്പറഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും രംഗത്തെത്തി. ആക്രമണം അംഗീകരിക്കാൻ കഴിയില്ലെന്നും പാർട്ടി അറിയാത്ത സമരമാണ് നടന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. പ്രതിപക്ഷത്തിന് ആയുധം നൽകുന്ന സമരമാണ് നടന്നതെന്നും സി.പി.എം സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.
ഇന്ന് മൂന്ന് മണിയോടെയാണ് രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിന് നേരെ എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പിന്നീട് പ്രതിഷേധം അക്രമസക്തമാകുകയായിരുന്നു. ബഫർസോൺ വിഷയത്തിൽ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് ഓഫീസ് അടിച്ചു തകർത്തത്. ഓഫീസ് ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.
പൊലീസ് ലാത്തിവീശിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. എസ്.എഫ്.ഐ അക്രമത്തിൽ വൻ ഗൂഢാലോചനയുണ്ടെന്ന് ടി.സിദ്ദീഖ് എം.എൽ.എ ആരോപിച്ചു.അക്രമമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും പൊലീസ് ആവശ്യമായ സുരക്ഷയൊരുക്കിയില്ലെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. ഈ കെട്ടിടത്തിൽ രണ്ട് ഹോസ്പിറ്റലുകളും പ്രവർത്തിക്കുന്നുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് എസ്എഫ്‌ഐ പ്രവർത്തകർ അക്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഓഫീസിലെ കമ്പ്യൂട്ടറുകൾ അടക്കമുള്ള ഉപകരണങ്ങളും മറ്റു വസ്തുക്കളും പ്രവർത്തകർ അടിച്ചുതകർത്തു. പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റി.