രാഷ്ടീയമായി രണ്ട് ചേരിയിലായിരുന്നെങ്കിലും നല്ല സുഹൃത്തായിരുന്നു ഉമ്മന്‍ചാണ്ടി: പിണറായി വിജയന്‍
|'എല്ലാ ഘട്ടത്തിലും മനുഷ്യസ്‌നേഹപരമായ നിലപാട് അദ്ദേഹം സ്വീകരിച്ചിരുന്നു. ഉമ്മൻചാണ്ടിയുടെ വിയോഗം കേരളത്തിന്റെ തീരാനഷ്ടമാണ്'
തിരുവനന്തപുരം: തുടക്കം മുതൽ തന്നെ രണ്ട് ചേരിയിലായിരുന്നുവെങ്കിലും ആദ്യമേ തന്നെ നല്ല സൗഹൃദം പുലർത്താൻ ഉമ്മൻചാണ്ടിയും താനും ശ്രമിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉമ്മൻചാണ്ടിയുടെ നിര്യാണത്തിലൂടെ വലിയൊരു അധ്യായമാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. 'വിദ്യാർഥി സംഘടനാ രംഗത്ത് മുഴുകിയ ഉമ്മൻ ചാണ്ടി കേരളത്തിന്റെ രാഷ്ടീയ മണ്ഡലത്തിൽ സജീവമായിരുന്നു. അന്നത്തെ യുവജന വിദ്യാർഥി പ്രവർത്തകനെന്ന നിലയ്ക്കുള്ള വീറും വാശിയും ജീവിതത്തിന്റെ അവസാന കാലം വരെ നിലനിർത്താനും അതിനനുസരിച്ച് പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ദീർഘ കാലത്തെ നിയമസഭാ പ്രവർത്തനത്തിന്റെ അനുഭവവും വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി എന്ന നിലയ്ക്കുള്ള അനുഭവവുമെല്ലാം രണ്ട് തവണ മുഖ്യമന്ത്രിയായപ്പോൾ ഭരണരംഗത്ത് തന്റെ പാടവം തെളിയിക്കാൻ സഹായകരമായി. എല്ലാ ഘട്ടത്തിലും മനുഷ്യസ്‌നേഹപരമായ നിലപാട് അദ്ദേഹം സ്വീകരിച്ചിരുന്നു. തുടക്കം മുതലേ രാഷ്ട്രീയമായി ഞങ്ങൾ രണ്ട് ചേരിയിലായിരുന്നുവെങ്കിലും നല്ല സൗഹൃദം പുലർത്താൻ തുടക്കം മുതൽക്കേ ഞങ്ങൾക്ക് സാധിച്ചിരുന്നു. പൊതുവേ എല്ലാവരോടും നല്ല സൗഹൃദം പുലർത്തുന്ന സമീപനമായിരുന്നു ഉമ്മൻചാണ്ടിക്കുണ്ടായിരുന്നത്. കോൺഗ്രസിന്റെ നട്ടെല്ലായി തന്നെ പ്രവർത്തിച്ചുവന്ന ഉമ്മൻചാണ്ടി ഒരുഘട്ടത്തിൽ കോൺഗ്രസിന്റെ അനിഷേധ്യനായ നേതാവായി മാറി. ഉമ്മൻചാണ്ടിയുടെ വിയോഗം കേരളത്തിന്റെ തീരാനഷ്ടമാണ്'. മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ബംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തെത്തിച്ചു. അടുത്ത ബന്ധുക്കൾ മൃതദേഹത്തെ അനുഗമിച്ചു. തിരുവനന്തപുരത്തെത്തിച്ച മൃതദേഹം ജഗതിയിലെ വസതിയിലും ദർബാർ ഹാളിലും കെ.പി.സി.സി.യിലും ഇന്ന് പൊതുദർശനമുണ്ടാകും. ആയിരങ്ങളാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിക്കൊണ്ടിരിക്കുന്നത്.നാളെ രാവിലെ ഏഴ് മണിയോടെ ഭൗതിക ശരീരം കോട്ടയത്തേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പുതുപ്പള്ളി പള്ളിയിലാണ് സംസ്‌കാരം. കോൺഗ്രസ് നേതാക്കളായ സോണിയാഗാന്ധി, രാഹുൽ ഗാന്ധി , മല്ലികാർജുൻ ഖാർഗെ എന്നിവർ മൃതദേഹത്തിൽ അന്തിമോപചാരമർപ്പിച്ചു.
ബംഗളൂരുവിലെ ആശുപത്രിയിൽ ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. ചികിത്സാവശ്യാർത്ഥം ആറു മാസമായി ബംഗളൂരുവിൽ തുടരുന്ന ഉമ്മൻ ചാണ്ടിക്ക് ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യം ഉണ്ടായി. തൊട്ടടുത്തുള്ള ചിൻമയ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും 4. ടെ മരണം സംഭവിച്ചു. മകൻ ചാണ്ടി ഉമ്മൻ ഫേസ്ബുക്കിലാണ് മരണവിവരം അറിയിച്ചത്. പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിനായി ബംഗളൂരുവിലുണ്ടായിരുന്ന കെ.സി വേണുഗോപാൽ, പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ്, എൻ.കെ പ്രേമചന്ദ്രൻ തുടങ്ങിയവരെല്ലാം ആശുപത്രിയിലെത്തി.
മൃതദേഹം എംബാം ചെയ്ത ശേഷം ഒമ്പത് മണിയോടെ ഇന്ദിരാനഗറിലെ വീട്ടിലെത്തിച്ചു. സോണിയാഗാന്ധി, രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. മലയാളികളടക്കം നൂറു കണക്കിന് പേർ ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനെത്തി. ബംഗളൂരുവിലെ മലയാളികൾക്കും ഉമ്മൻ ചാണ്ടി ഏറെ പ്രിയപ്പെട്ടവനായിരുന്നു. ഇന്ദിരാനഗറിലെ വീടിന് മുന്നിലെ നീണ്ട ക്യൂ അതിന് തെളിവായി