![Oommen Chandys body reached Thiruvananthapuram Oommen Chandys body reached Thiruvananthapuram](https://www.mediaoneonline.com/h-upload/2023/07/18/1379749-1.webp)
ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ദേഹം തിരുവനന്തപുരത്തെത്തിച്ചു; വീട്ടില്‍ പൊതുദര്‍ശനം
![](/images/authorplaceholder.jpg?type=1&v=2)
ബംഗളൂരുവില്‍ നിന്നും പ്രത്യേക എയര്‍ ആംബുലന്‍സിലാണ് ഭൗതിക ദേഹം തിരുവനന്തപുരത്തെത്തിച്ചത്
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ബംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തെത്തിച്ചു. അടുത്ത ബന്ധുക്കൾ മൃതദേഹത്തെ അനുഗമിച്ചു. തിരുവനന്തപുരത്തെത്തിച്ച മൃതദേഹം ജഗതിയിലെ വസതിയിലും ദർബാർ ഹാളിലും കെ.പി.സി.സി.യിലും ഇന്ന് പൊതുദർശനമുണ്ടാകും. ആയിരങ്ങളാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിക്കൊണ്ടിരിക്കുന്നത്.
നാളെ രാവിലെ ഏഴ് മണിയോടെ ഭൗതിക ശരീരം കോട്ടയത്തേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പുതുപ്പള്ളി പള്ളിയിലാണ് സംസ്‌കാരം. കോൺഗ്രസ് നേതാക്കളായ സോണിയാഗാന്ധി, രാഹുൽ ഗാന്ധി , മല്ലികാർജുൻ ഖാർഗെ എന്നിവർ മൃതദേഹത്തിൽ അന്തിമോപചാരമർപ്പിച്ചു. ബംഗളൂരുവിലെ ആശുപത്രിയിൽ ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം.
ചികിത്സാവശ്യാർത്ഥം ആറു മാസമായി ബംഗളൂരുവിൽ തുടരുന്ന ഉമ്മൻ ചാണ്ടിക്ക് ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യം ഉണ്ടായി. തൊട്ടടുത്തുള്ള ചിൻമയ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും 4. ടെ മരണം സംഭവിച്ചു. മകൻ ചാണ്ടി ഉമ്മൻ ഫേസ്ബുക്കിലാണ് മരണവിവരം അറിയിച്ചത്. പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിനായി ബംഗളൂരുവിലുണ്ടായിരുന്ന കെ.സി വേണുഗോപാൽ, പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ്, എൻ.കെ പ്രേമചന്ദ്രൻ തുടങ്ങിയവരെല്ലാം ആശുപത്രിയിലെത്തി.
മൃതദേഹം എംബാം ചെയ്ത ശേഷം ഒമ്പത് മണിയോടെ ഇന്ദിരാനഗറിലെ വീട്ടിലെത്തിച്ചു. സോണിയാഗാന്ധി, രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. മലയാളികളടക്കം നൂറു കണക്കിന് പേർ ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനെത്തി. ബംഗളൂരുവിലെ മലയാളികൾക്കും ഉമ്മൻ ചാണ്ടി ഏറെ പ്രിയപ്പെട്ടവനായിരുന്നു. ഇന്ദിരാനഗറിലെ വീടിന് മുന്നിലെ നീണ്ട ക്യൂ അതിന് തെളിവായി.