Kerala
Oommen Chandy,medical bulletin , health, physical condition, medical board, nuemonia,
Kerala

ഉമ്മൻചാണ്ടിയുടെ ചികിത്സക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചു ; മെഡിക്കൽ ബുള്ളറ്റിൻ നാളെ പുറത്തുവിടും

Web Desk
|
6 Feb 2023 5:14 PM GMT

ഉമ്മൻ ചാണ്ടിക്ക് ന്യുമോണിയയുടെ ആരംഭ ഘട്ടമാണെന്ന് ആരോഗ്യവിദഗ്ദർ അറിയിച്ചു

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മെഡിക്കൽ ബുള്ളറ്റിൻ നാളെ രാവിലെ 10:30ന് പുറത്തുവിടും.നെഫ്രോളജി വിഭാഗം മേധാവി ഡോ. മഞ്ജുതമ്പിയുടെ നേത്യത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചു. ഉമ്മൻ ചാണ്ടിക്ക് ന്യുമോണിയയുടെ ആരംഭ ഘട്ടമാണെന്ന് ആരോഗ്യവിദഗ്ദർ അറിയിച്ചു. നിലവിൽ ആന്റിബയോട്ടിക് മരുന്ന് കൊടുത്ത് തുടങ്ങിയിട്ടുണ്ട്.

ഇന്ന് ഉമ്മൻചാണ്ടിയുടെ കുടുംബത്തെ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻചാണ്ടിയുടെ ആരോഗ്യവിവരം അന്വേഷിച്ചിരുന്നു . നാളെ ആരോഗ്യമന്ത്രിയെ ആശുപത്രിയിലേക്ക് അയക്കാമെന്നും മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചിരുന്നു. നാളെ രാവിലെ 8 മണിക്ക് ആരോഗ്യ മന്ത്രി ഉമ്മൻ ചാണ്ടിയെ സന്ദർശിക്കും.

പനിയും ചുമയേയും തുടർന്നാണ് ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരം നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ചികിത്സക്കായി ഉമ്മൻചാണ്ടി ബംഗളൂരിവിലേക്ക് പോകാനിരിക്കുകയായിരുന്നു. അതിനിടെയാണ് പനി വരുന്നത്.

അതേസമയം തൊണ്ടയിലെ റേഡിയേഷന്‍ ചികിത്സക്കായി ഉമ്മന്‍ചാണ്ടിയെ ബംഗളൂരുവില്‍ കൊണ്ടു പോകാന്‍ വൈകിയതോടെയാണ് സഹോദരന്‍ അലക്സ് വി ചാണ്ടി പരാതിയുമായി എത്തിയത്. ഉമ്മന്‍ചാണ്ടിയുടെ ഭാര്യയും മകനുമാണ് ചികിത്സ നിഷേധിക്കുന്നതെന്നാണ് പരാതി. ഇളയ മകള്‍ അച്ചു ഉമ്മനും തന്‍റെ പരാതിക്കൊപ്പമുണ്ടെന്ന് സഹോദരന്‍ പറഞ്ഞിരുന്നു. ഇതിനിടെ മുതിര്‍ന്ന നേതാക്കളായ എ.കെ ആന്‍റണിയും എം.എം ഹസനും ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരത്തെ വീട്ടിലെത്തി സന്ദർശിച്ചു.

ചികിത്സ സംബന്ധിച്ച് ഉമ്മന്‍ചാണ്ടിയുടെ കുടുംബവുമായി നേതാക്കള്‍ ചര്‍ച്ച നടത്തി. അതേസമയം ആരോഗ്യസ്ഥിതി എങ്ങനെയുണ്ടെന്ന ചോദ്യത്തോട് എ.കെ ആന്‍റണി പ്രതികരിക്കാന്‍ തയ്യാറായില്ല. ആരോഗ്യസ്ഥിതിയെ കുറിച്ച് പറയേണ്ടതെല്ലാം മകന്‍ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ പറഞ്ഞിട്ടുണ്ടെന്ന് എം.എം ഹസന്‍ മറുപടി നല്‍കി.

Similar Posts