സോളാർ കേസിലെ പരാതിയില്‍ ഉമ്മൻചാണ്ടിയുടെ പേര് ചേർത്തത് ഗണേഷ് കുമാറിന്‍റെ നിർദേശപ്രകാരം: ഫെനി ബാലകൃഷ്ണൻ
|കത്തില്‍ ഗണേഷ് കുമാർ ലൈംഗികമായി ഉപദ്രവിച്ചു എന്ന് ഉണ്ടായിരുന്നെന്നും പിന്നീട് അത് ഒഴിവാക്കിയെന്നും പരാതിക്കാരിയുടെ മുൻ അഭിഭാഷകൻ കൂടിയായ ഫെനി ബാലകൃഷ്ണൻ പറഞ്ഞു
തിരുവനന്തപുരം: സോളാർ പീഡനകേസിലെ പരാതിക്കാരിയുടെ പരാതിയില്‍ ഉമ്മൻചാണ്ടിയുടെ പേര് ചേർത്തത് ഗണേഷ് കുമാര്‍ എം.എല്‍.എയുടെ നിർദേശപ്രകാരമെന്ന് അഡ്വ. ഫെനി ബാലകൃഷ്ണൻ. ഗണേഷിന്റെ സഹായി പ്രദീപും ശരണ്യ മനോജും ചേർന്നാണ് പരാതി തിരുത്തിയതെന്നും കത്തിൻ്റെ പേരിൽ വിവിധ നേതാക്കൾ പണം വാഗ്ദാനം ചെയ്തുവെന്നും പരാതിക്കാരിയുടെ മുൻ അഭിഭാഷകൻ കൂടിയായ ഫെനി ബാലകൃഷ്ണൻ പറഞ്ഞു.
'ജയിലിൽനിന്ന് ലഭിച്ച പരാതിയില്‍ ഗണേഷ് കുമാർ ലൈംഗികമായി ഉപദ്രവിച്ചു എന്ന് ഉണ്ടായിരുന്നു. പിന്നീട് ഇത് ഒഴിവാക്കി. സിഡി അടക്കം എല്ലാ തെളിവുകളും എൻ്റെ പക്കലുണ്ട്. സി.ബി.ഐ ചോദിച്ചിട്ടും ഇവയൊന്നും കൈമാറിയില്ല. സി.ബി.ഐ ഒഴികെ വേറാരും എൻ്റെ മൊഴി എടുത്തില്ല. ശിവരാജൻ കമ്മീഷൻ മസാല കഥകൾ പറയാൻ നിർദേശിച്ചു. പറഞ്ഞില്ലെങ്കിൽ നടപടി എടുക്കുമെന്ന് ഭീഷണിപ്പെടുത്തി. പരാതിക്കാരി ജയിലിൽ നിന്നിറങ്ങിയതിന് ശേഷം ആറുമാസം താമസിച്ചത് ശരണ്യ മനോജിൻ്റെ വീട്ടിലായിരുന്നു. കത്ത് എനിക്ക് ലഭിക്കുമ്പോൾ അതിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഉള്ള ആരോപണം ഉണ്ടായിരുന്നു. മുഖ്യനെ താഴെയിറക്കാനാണ് ഇതെന്ന് ഗണേഷ് കുമാറിൻ്റെ സഹായികൾ പറഞ്ഞു'. ഫെനി ബാലകൃഷ്ണൻ പറഞ്ഞു.
ലൈംഗിക ആരോപണങ്ങൾ രാഷ്ട്രീയ പാർട്ടികൾ ദുരുപയോഗം ചെയ്തു. സജി ചെറിയാനും ഇ.പി ജയരാജനും വെള്ളാപ്പള്ളിയും വിവിധ ആവശ്യങ്ങളുമായി തന്നെ വന്നു കണ്ടു. നന്ദകുമാറിന് കത്ത് കൈമാറുമ്പോൾ പരാതിക്കാരിക്ക് ഒപ്പം ശരണ്യ മനോജ് ഉണ്ടായിരുന്നു. സാമ്പത്തിക ഇടപാടിനെക്കാൾ ലൈംഗിക ആരോപണത്തിന് പ്രാധാന്യം നൽകി ഉമ്മൻചാണ്ടിയെ ബലിയാടാക്കിയെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.