Kerala
OOmmen chandys travels in public transport including KSRTC and Trains
Kerala

പത്രക്കെട്ട് കൊണ്ടുപോകുന്ന ബോട്ടിൽ, കെ.എസ്.ആർ.ടി.സിയിൽ, ട്രെയിനിൽ... വി.ഐ.പി ടാഗ് എടുത്തെറിഞ്ഞ യാത്രകള്‍

Web Desk
|
18 July 2023 2:29 AM GMT

തിരുവനന്തപുരത്ത് കടലാക്രമണത്തിനെതിരെ തീരദേശ സംരക്ഷണ സമിതി സംഘടിപ്പിച്ച സത്യഗ്രഹത്തിൽ പങ്കെടുക്കാൻ പുറപ്പെട്ടതായിരുന്നു അദ്ദേഹം. ട്രെയിനിൽ പോയാൽ അവിടെ കൃത്യസമയത്ത് എത്താനാകില്ല. നേരെ കെ.എസ്.ആർ.ടി.സി ബസ് പിടിക്കുകയായിരുന്നു

കോഴിക്കോട്: 2016 ജൂലൈ 29. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സി ലോഫ്‌ളോർ ബസിലെ യാത്രക്കാർ സഹയാത്രികനെ കണ്ട് അമ്പരന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയായിരുന്നു അത്.

തിരുവനന്തപുരത്ത് കടലാക്രമണത്തിനെതിരെ തീരദേശ സംരക്ഷണ സമിതി സംഘടിപ്പിച്ച സത്യഗ്രഹത്തിൽ പങ്കെടുക്കാൻ പുറപ്പെട്ടതായിരുന്നു അദ്ദേഹം. ട്രെയിനിൽ പോയാൽ അവിടെ കൃത്യസമയത്ത് എത്താനാകില്ല. തിരുവനന്തപുരത്തേക്കുള്ള വേണാട് എക്‌സ്പ്രസിനു കാത്തിരുന്നാൽ സമയം വൈകുമെന്ന് കരുതി നേരെ കെ.എസ്.ആർ.ടി.സി ബസ് പിടിക്കുകയായിരുന്നു. യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും വിശേഷങ്ങൾ ചോദിച്ചറിഞ്ഞായിരുന്നു യാത്രയെന്ന് കൂടെയുണ്ടായിരുന്ന സഹയാത്രികർ അന്ന് അനുഭവം പങ്കുവച്ചിരുന്നു.

ബസിൽ, ട്രെയിനിൽ.. ഇങ്ങനെ പൊതുഗതാഗത മാർഗങ്ങളിലെല്ലാം സാധാരണക്കാരെപ്പോലെ യാത്ര ചെയ്യുന്ന ഉമ്മൻചാണ്ടിയുടെ ചിത്രങ്ങൾ പലതവണ മാധ്യമങ്ങളിലെ കൗതുകക്കാഴ്ചകളാകാറുള്ളതാണ്. ആളുകൾക്കതൊരു കൗതുകം തന്നെയല്ലാതെയായി മാറിയെന്നും വേണമെങ്കിൽ പറയാം. പലപ്പോഴും ട്രെയിനിൽ സാധാരണക്കാരെപ്പോലെ കിടന്നുറങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

എവിടെ പാർട്ടി പരിപാടിക്ക് കാറിൽ പോകുമ്പോഴും കാറിൽ നിറയെ യാത്രികരാകും. കൂടെയുള്ളത് ആരാണെന്നു പോലും അറിയാനിടയില്ല. എന്നാൽ, അതിലൊന്നും ഒട്ടും അലോസരമോ അതൃപ്തിയോ അദ്ദേഹത്തിൻരെ മുഖത്തുണ്ടാകില്ല. മറുത്തൊരു വാക്കും പറയില്ല. എല്ലാവരോടും ചിരിച്ചും വിശേഷങ്ങൾ പറഞ്ഞും പരിഭവങ്ങളും പരാതികളും കേട്ടുമായിരിക്കും യാത്ര.

പലതവണ പത്രക്കെട്ട് കൊണ്ടുപോകുന്ന ബോട്ടിൽ യാത്ര ചെയ്ത ഓർമകൾ ഉമ്മൻചാണ്ടി തന്നെ ഒരിക്കൽ പങ്കുവച്ചിട്ടുണ്ട്. ഒരുകാലത്ത് കോട്ടയത്തുനിന്ന് ആലപ്പുഴയിലേക്ക് പത്രവുമായി പോകുന്ന ബോട്ടിലായിരുന്നു സ്ഥിരംയാത്ര. പത്രക്കെട്ട് രണ്ടു ഭാഗത്തും വച്ച് ഇടയിൽ കിടക്കാവുന്ന തരത്തിൽ വച്ച് ബോട്ട് ജീവനക്കാർ തന്നെ സൗകര്യമൊരുക്കും. അങ്ങനെ അതിൽ കിടന്നുറങ്ങിയാണ് ആലപ്പുഴയിലും തലസ്ഥാനത്തുമെല്ലാം എത്തിയിരുന്നതെന്ന് അദ്ദേഹം ഓർത്തെടുത്തിരുന്നു.

എപ്പോഴും ആൾക്കൂട്ടത്തിനിടയിലായിരുന്നു ഉമ്മൻചാണ്ടി. പ്രിയപ്പെട്ട പ്രവർത്തകർക്കും സാധാരണക്കാർക്കുമെല്ലാം ഒ.സി എന്ന രണ്ടക്ഷരത്തിൽ ചുരുക്കി വിളിക്കാവുന്ന സ്‌നേഹത്തിൻരെ പേര്. ജനങ്ങൾക്കിടയിൽനിന്നു മാറിയല്ല, എപ്പോഴും ജനങ്ങൾക്കിടയിൽ ജീവിച്ചായിരുന്നു ജീവിതം.

Summary: OOmmen chandy's travels in public transport including KSRTC and Trains

Similar Posts