Kerala
ഒരു രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണം എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം: ഉമ്മൻചാണ്ടിയെ അനുസ്‌മരിച്ച് ജഗദീഷ്
Kerala

"ഒരു രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണം എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം": ഉമ്മൻചാണ്ടിയെ അനുസ്‌മരിച്ച് ജഗദീഷ്

Web Desk
|
19 July 2023 1:30 AM GMT

ഉമ്മൻചാണ്ടിയുടെ ജീവിതത്തിന്റെ 95 ശതമാനവും ജനങ്ങൾക്കൊപ്പമായിരുന്നു എന്നും ജഗദീഷ് പറഞ്ഞു

തിരുവനന്തപുരം: ഉമ്മൻചാണ്ടിയുമായി രാഷ്ട്രീയത്തിനപ്പുറമുള്ള ബന്ധമെന്ന് നടൻ ജഗദീഷ്. ഒരു രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഉമ്മൻചാണ്ടിയെന്നും ജഗദീഷ് പറഞ്ഞു.

"വർഷങ്ങൾക്കപ്പുറം അദ്ദേഹത്തിന്റെ പത്നി മറിയാമ്മക്കൊപ്പം കാനറ ബാങ്കിൽ ഞാൻ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അന്ന് തുടങ്ങിയ ബന്ധമാണ്. ഒരു രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണമെന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഉമ്മൻചാണ്ടി സർ. ത്യാഗം, കാരുണ്യം ഇവയുടെയെല്ലാം കൊടുമുടിയാണ് ഒരു നേതാവെന്ന നിലയിൽ അദ്ദേഹം.

അദ്ദേഹത്തിന്റെ ജീവിതത്തിന്റെ 95 ശതമാനവും ജനങ്ങൾക്കൊപ്പമായിരുന്നു. അത്രയുമൊക്കെയാകാൻ ബുദ്ധിമുട്ടാണ്. ഇതൊക്കെ അതിജീവിചിച്ച് എങ്ങനെയാണ് അദ്ദേഹം ഇങ്ങനെ കഴിയുന്നത് എന്നത് അദ്‌ഭുതമാണ്. ദൂരദർശനിൽ പ്രവർത്തിക്കുമ്പോൾ അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. അപ്പോഴും ഫ്രയിമിന്റെ രണ്ടുവശവും ആളുകളായിരുന്നു. അവരെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു ഇന്റർവ്യൂ നൽകാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ഏത് സമയവും ജനങ്ങൾക്കൊപ്പം സഞ്ചരിച്ചിരുന്ന നേതാവാണ്.

അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ വരുമ്പോഴും രാഷ്ട്രീയ നേതാക്കൾക്കടക്കം അറിയാം അതിലൊരു സത്യവുമില്ലെന്ന്. ആരോപണങ്ങളെ ഇത്ര ആത്മവിശ്വാസത്തോടെ നേരിട്ട നേതാവ് വേറെയില്ല. ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പത്ത് നേതാക്കളിൽ ഒരാൾ ഉമ്മൻ‌ചാണ്ടി സാറാണ്. മഹനായ ഒരു നേതാവ്.. മഹാനായ ഒരു മനുഷ്യൻ"; ജഗദീഷ് പറഞ്ഞു.

ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ ഉമ്മൻചാണ്ടിയെ അവസാനമായി കാണാൻ എത്തിയവരുടെ നീണ്ടനിരയാണ്. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്ന് രാവിലെ ഏഴിന് ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നും കോട്ടയത്തേക്ക് പുറപ്പെടും.

കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തും. വൈകുന്നേരത്തോടെ തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് എത്തിക്കും. തുടർന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിൽ എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വിലാപയാത്രയായി മൃതദേഹം പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിലേക്ക് കൊണ്ടു പോകും. മൂന്ന് മണിയോടെ അന്ത്യ ശുശ്രൂഷകൾ ആരംഭിക്കും.

Similar Posts