ഓപ്പറേഷൻ കാവേരി: സുഡാനിൽ നിന്നുള്ള മലയാളികളുടെ ആദ്യസംഘം കേരളത്തിലെത്തി
|കൊല്ലപ്പെട്ട ആൽബര്‍ട്ട് അഗസ്റ്റിന്റെ കുടുംബവും തിരിച്ചെത്തി
കൊച്ചി: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്ന് ഓപ്പറേഷൻ കാവേരിയിലൂടെ ഡൽഹിയിലെത്തിയ മലയാളികളുടെ ആദ്യ സംഘം കേരളത്തിലെത്തി. എറണാകുളം, ഇടുക്കി സ്വദേശികളായ ആറ് പേരാണ് ഒമ്പതരയോടെ നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയത്. സുഡാനിൽ വെടിയേറ്റ് മരിച്ച മലയാളി ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യയും മകളും കൊച്ചിയിൽ വിമാനം ഇറങ്ങിയ ശേഷം കണ്ണൂരിലേക്ക് തിരിച്ചു.
കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെ ഇടപെടൽ ഗുണം ചെയ്തെന്നും തിരിച്ചെത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും നാട്ടിലെത്തിയവർ പറഞ്ഞു. സുഡാനിൽ നിന്ന് ഡൽഹയിലെത്തിയ 360 പേരടങ്ങുന്ന സംഘത്തിൽ 19 പേർ മലയാളികളായിരുന്നു.
വർഷങ്ങളായി ജോലി ചെയ്യുന്നവർ, അവധിക്കാലം ചെലവിടാൻ പോയവർ എല്ലാം അടങ്ങുന്ന സംഘമാണ് സുഡാനിൽ നിന്നുള്ള ആദ്യ വിമാനത്തിൽ ഡൽഹിയിൽ എത്തിയിരുന്നത്. മലയാളികൾ അടക്കം കൂടുതൽ ഇന്ത്യക്കാർ സുഡാനിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. സുഡാനിൽ നിന്ന് ജിദ്ദയിൽ എത്തിച്ച ശേഷമാണ് ഇവരെ ഡൽഹിയിലേക്ക് കൊണ്ടുവന്നത്.
കേരളത്തിലേക്കുള്ള യാത്ര ചെലവ് സംസ്ഥാന സർക്കാരാണ് വഹിച്ചത്. നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകളും വ്യോമസേനയുടെ മൂന്ന് വിമാനങ്ങളുമാണ് രക്ഷാദൗത്യത്തിന്റെ ഭാഗമാകുന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ജിദ്ദയിൽ തുടരുകയാണ്.