Kerala
വാസവൻ അടച്ച അധ്യായം മുഖ്യമന്ത്രി തുറന്നതെന്തിന്?  ബിഷപ്പിന്‍റെ വിദ്വേഷ പ്രസംഗത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം
Kerala

'വാസവൻ അടച്ച അധ്യായം മുഖ്യമന്ത്രി തുറന്നതെന്തിന്?' ബിഷപ്പിന്‍റെ വിദ്വേഷ പ്രസംഗത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം

Web Desk
|
22 Sep 2021 7:20 AM GMT

അതേസമയം പാലാ ബിഷപ്പിന്‍റെ വിദ്വേഷ പരാമർശം മാധ്യമങ്ങള്‍ തിളപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം

പാലാ ബിഷപ്പിന്‍റെ വിദ്വേഷ പ്രസംഗത്തിൽ സർക്കാറിനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. മുഖ്യമന്ത്രിക്ക് അനങ്ങാപ്പാറാ നയമെന്നും വാസവൻ അടച്ച അധ്യായം മുഖ്യമന്ത്രി തുറന്നതെന്തിനെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിമര്‍ശിച്ചു.

പാലാ ബിഷപ്പിന്‍റെ വിദ്വേഷ പ്രസംഗത്തെ തുടർന്നുണ്ടായ പ്രശ്നങ്ങൾ നീണ്ടുപോകട്ടേയെന്ന ആഗ്രഹത്തിലാണ് സിപിഎമ്മും സർക്കാരുമെന്ന് സതീശൻ പറഞ്ഞു. മന്ത്രി വി.എൻ.വാസവൻ അടച്ച അധ്യായം മുഖ്യമന്ത്രി എന്തിനാണ് വീണ്ടും തുറന്നതെന്ന് ചോദിച്ച സതീശൻ അടിയന്തരമായി സമുദായ നേതാക്കളെ വിളിച്ച് പ്രശ്നം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. വർഗീയ പരാമർശം ആര് നടത്തിയാലും മുഖം നോക്കാതെ ചോദ്യം ചെയ്യുമെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു.

വാസവനും വിജയരാഘവനും പറഞ്ഞത് തന്‍റെ അറിവോടെയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഞങ്ങൾക്ക് തുടക്കം മുതൽ ഒരേ അഭിപ്രായമാണ്. മുഖ്യമന്ത്രിക്ക് പ്രസ്താവന മാത്രമേയുള്ളൂ അഭിപ്രായമില്ല. വർഗീയ സംഘർഷമുണ്ടാകുമ്പോൾ അത് പരിഹരിക്കാൻ എന്ത് ചെയ്തെന്നാണ് മുഖ്യമന്ത്രി പറയേണ്ടത്. വിഷയം നീണ്ടുപോകട്ടേയെന്ന ആഗ്രഹത്തിലാണ് സി.പി.എമ്മും സർക്കാരും. സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം അവസാനിപ്പിക്കാൻ ഇതുവരെയും ഒരു നടപടിയും എടുത്തിട്ടില്ല.

എന്ത് പരാമർശം നടത്താനും ഈ സംസ്ഥാനത്ത് സ്വാതന്ത്ര്യമുണ്ടോ? കത്ത് കൊടുത്തിട്ട് മുഖ്യമന്ത്രി മറുപടി തന്നില്ല, ഈ ചാപ്റ്റർ ക്ലോസ് ചെയ്തെന്നാണ് വാസവൻ പറഞ്ഞത്. പിന്നെന്തിനാണ് മുഖ്യമന്ത്രി ഇന്നലെ വീണ്ടും ഈ കാര്യം എടുത്തിട്ടത്? അടിയന്തരമായി സമുദായ നേതാക്കളെ വിളിച്ച് പ്രശ്നം അവസാനിപ്പിക്കണം. ഒരു ഘട്ടത്തിലും പറഞ്ഞ കാര്യങ്ങൾ പ്രതിപക്ഷം മാറ്റിപ്പറഞ്ഞിട്ടില്ല. വർഗീയ പരാമർശം ആര് നടത്തിയാലും മുഖം നോക്കാതെ ചോദ്യം ചെയ്യും. ഇടക്കിടക്ക് നിലപാട് മാറ്റിപ്പറയേണ്ട ഗതികേടില്ല. പ്രശ്നം പരിഹരിക്കാനുള്ള അന്തരീക്ഷമാണ് പ്രതിപക്ഷമുണ്ടാക്കുന്നത്. അത് വേണമെങ്കിൽ സർക്കാരിന് പ്രയോജനപ്പെടുത്താം. പറയുന്ന കാര്യത്തിൽ സംശയം വരുമ്പോഴാണ് മുഖ്യമന്ത്രി വീണ്ടും വീണ്ടും പറയുന്നത്

നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് മനസിലാകുന്നില്ലെന്ന് കോണ്‍‌ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. എന്ത് കൊണ്ട് മുഖ്യമന്ത്രി സർവ്വകക്ഷി യോഗം വിളിക്കുന്നില്ലെന്ന് ചോദിച്ച ചെന്നിത്തല മുഖ്യമന്ത്രി രാവിലെ ഒന്നും വൈകിട്ട് മറ്റൊന്നും പറയുകയാണെന്നും തുറന്നടിച്ചു.

അതേസമയം മാധ്യമങ്ങളാണ് പ്രശ്നം വഷളാക്കുന്നതെന്നായിരുന്നു മുസ്‍ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. പാലാ ബിഷപ്പിന്‍റെ വിദ്വേഷ പരാമർശം മാധ്യമങ്ങള്‍ തിളപ്പിക്കാൻ ശ്രമിച്ചെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. തമ്മിൽ തല്ലിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാനില്ലെന്നും വിഷയത്തിൽ സ്വീകരിക്കേണ്ട നിലപാട് നാളെ ചേരുന്ന യു.ഡി.എഫ് യോഗം തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


Similar Posts