എ.ഐ കാമറാ ഇടപാടിൽ സർക്കാരിനെ പ്രതിരോധത്തിലാക്കി പ്രതിപക്ഷം; മറുപടി പറയാതെ സർക്കാർ
|ഉപകരാർ നേടിയ പ്രസിഡിയാ കമ്പനിയെ കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചാണ് ഇപ്പോഴത്തെ പ്രതിപക്ഷ നീക്കം
തിരുവനന്തപുരം: എ.ഐ കാമറ ഇടപാടിൽ സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം. മറുപടി പറയാതെയുള്ള സർക്കാർ ഒളിച്ചുകളി തുടരുകയാണെന്നാണ് ആരോപണം. ഉപകരാർ നേടിയ പ്രസിഡിയാ കമ്പനിയെ കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചാണ് ഇപ്പോഴത്തെ പ്രതിപക്ഷ നീക്കം.
എഐ കാമാ ഇടപാടിൽ എസ്ആർഐടിയിൽ നിന്ന് ഉപകരാർ എടുത്ത സ്ഥാപനമാണ് പ്രസിഡിയാ. ഉപകരാർ പാടില്ലെന്ന ടെണ്ടർ വ്യവസ്ഥ ലംഘിക്കപ്പെട്ടിട്ടും സർക്കാർ മൗനം പാലിച്ചതിലെ ദുരൂഹതയിലൂന്നിയാണ് ഇപ്പോഴത്തെ പ്രതിപക്ഷ ആരോപണത്തിന്റെ കുന്തമുന. ഈ കമ്പനിക്ക് മുഖ്യമന്ത്രിയുടെ അടുത്ത ആളുകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന പ്രതിപക്ഷം പ്രസിഡിയോയ്ക്ക് ഊരാളുങ്കലിന്റേതടക്കമുള്ള ഉപകരാറുകൾ സ്ഥിരമായി ലഭിക്കുന്നതായും ചൂണ്ടികാണിക്കുന്നു.
ഇതിലൂടെ മുഖ്യമന്ത്രിക്ക് ഒപ്പം സി.പി.എം കൂടി മറുപടി പറയുന്നതിലേക്ക് എത്തിക്കാനാണ് പ്രതിപക്ഷ നീക്കം. ടെണ്ടറിൽ പങ്കെടുക്കാൻ യോഗ്യത നേടിയ അശോകയ്ക്കും എസ്ആർഐടിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കാൻ പ്രതിപക്ഷത്തിനായി. ഇതോടെ എഐ കാമറ വിവാദത്തിൽ പ്രതിപക്ഷത്തിന് മേൽകൈ ലഭിച്ചു. ഒരു ഭാഗത്ത് വ്യവസായ സെക്രട്ടറിയുടെ അന്വേഷണം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇടപാടിലെ സംശയം മോട്ടോർ വാഹന വകുപ്പിന് പോലും തീരുന്നില്ല. കെൽട്രോണിനോട് വിശദീകരണം തേടി കാത്തിരിപ്പിലാണ് മന്ത്രിയും മോട്ടോർ വാഹന വകുപ്പും. ഒരു ഭാഗത്ത് ആരോപണങ്ങളുടെ നിഴലിൽ പ്രതിപക്ഷം നിർത്തുമ്പോഴും വിവാദത്തിന്റെ ആദ്യ ഘട്ടത്തിൽ വ്യവസായ മന്ത്രി നടത്തിയ വിശദീകരണത്തിനപ്പുറം ഒന്നും പറയാൻ സർക്കാരിനായിട്ടില്ല. സർക്കാർ പരുങ്ങലിലായതോടെ ഓരോ ദിവസവും ആരോപണം കടുപ്പിക്കുകയാണ് പ്രതിപക്ഷം.
അതേസമയം, റോഡില്‍ എ ഐ കാമറ സ്ഥാപിച്ചതില്‍ അഴിമതി ആരോപിച്ച് കൊച്ചിയില്‍ യൂത്ത് ലീഗിന്റെ കൊട്ട കമഴ്ത്തി പ്രതിഷേധിച്ചത്.എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ചരിത്രപരമായ അഴിമതിയാണ് കേരളത്തില്‍ നടന്നതെന്ന് യൂത്ത് ലീഗ് ജനറല്‍ ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആരോപിച്ചു. ബാനര്‍ജി റോഡിലെ യൂത്ത് ലീഗ് ഓഫീസില്‍ നിന്നും പ്രകടനമായാണ് പ്രവര്‍ത്തകര്‍ മറൈന്‍ ഡ്രൈവിലെത്തിയത്. ഗതാഗതവകുപ്പ് സ്ഥാപിച്ച കാമറയില്‍ പി കെ ഫിറോസാണ് പ്രതീകാത്മകമായി കൊട്ട കമഴ്ത്തിയത്. ജനങ്ങളില്‍ നിന്നും പിഴയീടാക്കാന്‍ സ്വാകാര്യ കമ്പനിക്ക് അനുവാദം കൊടുത്തത് നിയമവിരുദ്ധമാണെന്ന് പി കെ ഫിറോസ് പറഞ്ഞു. എറണാകുളം ജില്ലാ പ്രസിഡൻ്റ് പി.എ സലിം, ജില്ലാ ജനറൽ സെക്രട്ടറി സുബൈർ കാരുവള്ളി തുടങ്ങിയവരും പങ്കെടുത്തു.