Kerala
VD vs Pinarayi
Kerala

അധികാരത്തിൽ കടിച്ചുതൂങ്ങാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ, ചോദിക്കാൻ സിപിഎമ്മിൽ നട്ടെല്ലുള്ള ആരെങ്കിലുമുണ്ടോ: വി.ഡി സതീശൻ

Web Desk
|
2 Sep 2024 12:28 PM GMT

ഗുരുതര ആരോപണം ഉയര്‍ന്നിട്ടും പാര്‍ട്ടിയിലുള്ളവരൊക്കെ മുഖ്യമന്ത്രിയെ ഭയന്നു കഴിയുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ സ്വര്‍ണക്കടത്ത്, കൊലപാതക ആരോപണങ്ങള്‍ കേരളത്തിന് അപമാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് ക്രിമിനലുകളുടെ താവളമാണെന്നും ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ മുഖ്യമന്ത്രിക്ക് നാണമില്ലേയെന്നും വി.ഡി.സതീശൻ ചോദിച്ചു.

'' സ്വര്‍ണക്കള്ളക്കടത്തും സ്വര്‍ണം പൊട്ടിക്കലും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് എ.ഡി.ജി.പി നടത്തിയെന്ന ആരോപണം ഉന്നയിച്ചത് ഭരണകക്ഷി എം.എല്‍.എയാണ്. സി.പി.എം നേതാവായ പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് മുഴുവന്‍ ഉത്തരവാദിത്തവും കൈമാറിയിരിക്കുന്ന മുഖ്യമന്ത്രിക്ക് എങ്ങനെ ഈ ആരോപണങ്ങളില്‍ നിന്നും ഒളിച്ചോടാനാകും. മഞ്ഞു മലയുടെ അറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്''- സതീശന്‍ പറഞ്ഞു.

'ക്രിമിനലുകളുടെ താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. കേരളം ഞെട്ടാന്‍ പോകുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ഈ ഉപജാപക സംഘം നടത്തിയിരിക്കുന്നത്. ഒരു നിമിഷം പോലും മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ല. അന്വേഷണം സി.ബി.ഐക്ക് വിട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നും'- സതീശന്‍ ആവശ്യപ്പെട്ടു.

''കേരളം ഭരിച്ച ഏതെങ്കിലും ഒരു മുഖ്യമന്ത്രി ഇതുപോലൊരു നാണം കെട്ട ആരോപണം നേരിട്ടിട്ടുണ്ടോ? സ്വര്‍ണം പൊട്ടിക്കലുമായി ബന്ധപ്പെട്ട രണ്ട് കൊലപാതകങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ രണ്ട് കൊലപാതകങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആസൂത്രണം ചെയ്‌തെന്നാണ് വെളിപ്പെടുത്തല്‍. ഇന്ത്യയില്‍ ഏത് മുഖ്യമന്ത്രിക്കെതിരെ ഇത്രയും ഗുരുതര ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നിട്ടും അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ മുഖ്യമന്ത്രിക്ക് നാണമില്ലേ? ഇതൊക്കെ ചോദിക്കാന്‍ പാര്‍ട്ടിയില്‍ നട്ടെല്ലുള്ള ആരെങ്കിലുമുണ്ടോ? ഇത്രയും ഗുരുതര ആരോപണം ഉയര്‍ന്നിട്ടും പാര്‍ട്ടിയിലുള്ളവരൊക്കെ മുഖ്യമന്ത്രിയെ ഭയന്നു കഴിയുകയാണെന്നും സതീശന്‍ ആരോപിച്ചു.

Watch Video Report


Similar Posts